ജയലളിതയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചു

0

ചെന്നൈ : തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പോയസ് ഗാർഡനിലെ വേദനിലയത്തിൽ ശശികലയും ജയലളിതയുടെ പിഎ ആയിരുന്ന പൂങ്കുണ്‍ട്രം താമസിച്ചിരുന്ന മുറിയിലുമാണ് പരിശോധന. നാല് ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയുടെ നിർദ്ദേശത്തോടെ റെയ്ഡിനെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് പരിശോധന തുടങ്ങിയത്. ശശികല താമസിച്ചിരുന്ന മുറിയിൽ നിന്നും കംപ്യൂട്ടറും ലാപ്ടോപ്പും നാല് പെൻഡ്രൈവുകളും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ആരംഭിച്ച 20 കടലാസ് കമ്പനികളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‍നാട്ടിൽ 187 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. 1500 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയതായി സൂചനയുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ആദായ നികുതി വകുപ്പ് വേദനിലയത്തിലും എത്തിയത്.
ജയലളിതയുടെ വീട്ടിൽ നടത്തിയ പരിശോധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദിനകരൻ പക്ഷത്തുനിന്നും ഉണ്ടായത്. വീടിനു മുന്‍പിൽ പ്രതിഷേധിച്ച നൂറു കണക്കിന് പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. റെയ്ഡ് നടത്തിയത് ജയലളിതയുടെ അഭിമാനത്തിന് ക്ഷതമേല്‍പിച്ചുവെന്ന് ടി.ടി.വി ദിനകരൻ കുറ്റപ്പെടുത്തി. സർക്കാർ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് ദിനകരൻ പക്ഷത്തെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇരുനൂറിൽ അധികം പൊലിസുകാരെ പോയ സ് ഗാർഡനിൽ വിന്യസിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.