“തൊഴിലാളിവിരുദ്ധ പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം”- ബി.എം.എസ്.
ന്യൂഡല്‍ഹി : തൊഴിലാളി വിരുദ്ധമായ നിയമപരിഷ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ബി.എം.എസ്. ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണന്‍. ഭരണഘടനാ ശില്‍പ്പി അംബേദ്കര്‍ തയാറാക്കിയ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും ബി.എം.എസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സജിനാരായണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തൊഴില്‍നിയമ ഭേദഗതി നീക്കങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ്. നടത്തിയ മാര്‍ച്ച് നടത്തിയത്.
” രാജ്യത്ത് കരാര്‍ തൊഴില്‍ വര്‍ധിക്കുകയാണ്. പല തൊഴില്‍ മേഖലകളിലും 80 ശതമാനത്തോളം ഇപ്പോള്‍ കരാര്‍ തൊഴിലാണ്. എല്ലാ തരത്തിലുമുള്ള കരാര്‍ തൊഴിലുകളും അവസാനിപ്പിക്കണം. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. അംഗനവാടി, ആശാവര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനം ആവശ്യമാണ്. അസംഘടിത തൊഴില്‍ മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സാമൂഹ്യ സുരക്ഷാ കോഡ്, വേജ് ബോര്‍ഡ് തുടങ്ങി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണം.
സ്വാതന്ത്യത്തിനു ശേഷം നിരവധി സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിനായി കാര്യമായൊന്നും ചെയ്തില്ല. ഏത് പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നതിനേക്കാള്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതിനാണ് ബി.എം.എസ് പ്രധാന്യം നല്‍കുന്നത്.”-സി.കെ. സജി നാരായണന് പറഞ്ഞു.
ബി.എം.എസ്. ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ അധ്യക്ഷത വഹിച്ചു. രാംലീലാ മൈതാനത്ത് നിന്നാംരംഭിച്ച മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലീസ് തടഞ്ഞു.