കശ്മീര്‍ പെല്ലറ്റ് ആക്രമണം : 2500 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യവും പൊലീസും നടത്തിയ പെല്ലറ്റ് ആക്രമണങ്ങളില്‍ ഏകദേശം 2500 പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുള്ള കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ 55 പേര് വനിതകളാണ്. ഇതില്‍ ചിലര്‍ക്ക് കണ്ണിനുള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പെല്ലറ്റ് ബുള്ളറ്റുകള്‍ മൂലം കണ്ണിന് പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കുന്നുവെന്ന് അധികൃതകര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, ആക്രമണങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയതായി കശ്മീര്‍ മനുഷ്യാവകാശ കമീഷന് സ്ഥിരീകരിച്ചു. ബന്ദിപോര, ബുദ്ഗാം എന്നിവടങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും കമീഷന് വ്യക്തമാക്കി. കണക്കുകള്‍ പരിശോധിച്ച് ഭാഗികമായും പൂര്‍ണമായും അംഗവൈകല്യം ബാധിച്ചവരെ കണ്ടെത്തുമെന്നും ജസ്റ്റിസ് നാസികി പറഞ്ഞു.