കുവൈത്ത്: പൊതുമാപ്പ് സര്‍ക്കാറിന്‍റെ മുഖ്യപരിഗണനയില്‍

0

കുവൈത്ത്:കുവൈത്തിൽ അനധികൃതമായി കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പ് അനുവദിക്കുന്ന കാര്യം സർക്കാറിന്‍റെയും പാർലമെന്റെയും മുഖ്യപരിഗണനയിലെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായും എല്ലാ സർക്കാർ വകുപ്പുകളുടെയും അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു
ഇഖാമ നിയമലംഘകരായ വിദേശികൾക്ക് നിയമനടപടികളില്ലാതെ നാടുവിടുന്നതിനുള്ള അവസരം ഒരുക്കുന്ന രീതിയിൽ പൊതുമാപ്പ് നടപ്പാക്കാൻ ഭരണ തലത്തിൽ ആലോചന നടക്കുന്നതായാണ് സൂചന. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾ തമ്മിൽ ഭിന്നാഭിപ്രായമാണുള്ളത്. കൂടിയാലോചനകളിലൂടെ ഇക്കാര്യത്തിൽ പൊതുധാരണയിലെത്താനും എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഭണഘടനയുടെ 75 ആം അനുച്ഛേദം അനുശാസിക്കുന്ന രീതിയിൽ പൊതുമാപ്പ് ഏർപ്പെടുത്താനാണ് സർക്കാർ തലത്തിൽ നീക്കം നടക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച പൊതുമാപ്പിൽ താമസരേഖകൾ ഇല്ലാതെ രാജ്യത്തു കഴിയുന്ന വിദേശികൾക്ക് രേഖകൾ ശരിയാക്കാനോ പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനോ അവസരം നൽകിയിരുന്നു. എന്നാൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്.

താമസ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ചുകൊണ്ട് താമസരേഖ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിഴയടക്കണം എന്നതിനാൽ ഈ സംവിധാനവും കൂടുതല്‍ പേർ പ്രയോജനപ്പെടുത്തിയിരുന്നില്ല ഇതെല്ലാം കണക്കിലെടുത്ത് ഇനി പൊതുമാപ്പ് അനുവദിക്കില്ലെന്നും അനധികൃത താമസക്കാർക്ക് ഇളവു നല്കുന്നതിന് പകരം പരിശോധന കർശനമാക്കി മുഴുവൻ പേരെയും പുറത്താക്കുക എന്നതാന് നയമെന്നും ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.