നടി തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി നല്കി
ചെന്നൈ: തമിഴ്നാട്ടിലെയും കേരളത്തിലെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി തൃഷക്ക് യുനിസെഫ് കേരള-തമിഴ്നാട് മേധാവി ജോബ് സഖറിയ സമ്മാനിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള ആഗോള ദിനത്തില്‍ നടത്തിയ പ്രത്യേകചടങ്ങിലായിരുന്നു പദവിസമര്പ്പണം.
യുനിസെഫിെന്റ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ വനിതാസിനിമാ താരമാണ് തൃഷ. അനീമിയ, ശൈശവവിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികള്‍ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തൃഷ പിന്തുണനല്കുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും മുഖ്യ പരിഗണന. കൗമാരക്കാരുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, പെണ്‍കുട്ടിയുടെ പ്രാധാന്യം എന്നീ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടാണ് തൃഷയുടെ പ്രവര്‍ത്തനം.
സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് തൃഷ പറഞ്ഞു. തമിഴ്നാടിനെ പോഷകാഹാരക്കുറവ്, വെളിയിടവിസര്‍ജനം എന്നിവയില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും തൃഷ വ്യക്തമാക്കി. കേരളത്തില്‍ മീസില്‍സ്- റുബെല്ല പ്രതിരോധദൗത്യത്തിെന്റ ബോധവത്കരണത്തിന് പിന്തുണ നല്കിയ ഇവര്‍ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി 60 ല്‍പരം സിനിമകളില്‍ അഭിനയിച്ചു. തൃഷയുടെ ആദ്യ മലയാളസിനിമയായ ‘ഹേയ് ജൂഡ്’ അടുത്തുതന്നെ റിലീസ് ചെയ്യും. ചടങ്ങില്‍, തമിഴ്നാട് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന് അധ്യക്ഷ എം.പി. നിര്‍മല, യുനിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് സുഗത റോയി എന്നിവര്‍ സംസാരിച്ചു.