വിപണിയില്‍ വെളിച്ചെണ്ണ, കൊപ്ര വില ഉയര്‍ന്നു

0

ശബരിമല സീസണിന് ചുവടുപിടിച്ച്‌ നാളികേരത്തിന് ഡിമാന്റായതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ-കൊപ്ര വിലകൂടി. വെളിച്ചെണ്ണ-കൊപ്ര ക്വിന്റലിന് കൊച്ചിയില്‍ 600 രൂപയും കോഴിക്കോട് വെളിച്ചെണ്ണ ക്വിന്റലിന് 900 രൂപയും തൃശൂരില്‍ ആയിരം രൂപയും ആലപ്പുഴയില്‍ 800 രൂപയും വിലകൂടി. തമിഴ്നാട്ടില്‍ നിന്ന് നാളികേരവും വെളിച്ചെണ്ണയും വരവുകുറഞ്ഞതും വില ഉയരാന്‍ ഇടയാക്കി.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണയ്ക്ക് വിലകൂടിയതോടെ ഇറക്കുമതി ചെയ്യുന്ന പാംഓയിലിനും വിലകൂടി. പാംഓയില്‍ ക്വിന്റലിന് 500 രൂപയാണ് വിലകൂടിയത്. പാംഓയില്‍ ക്വിന്റലിന് 6150 ല്‍ നിന്ന് വാരാന്ത്യം 6650 രൂപയിലാണ് വില്‍പന നടന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ വെളിച്ചെണ്ണ കൊപ്ര ക്വിന്റലിന് 1600 രൂപയാണ് വിലകൂടിയത്. ജനുവരി കഴിയാതെ വിലകുറയാന്‍ സാധ്യതയില്ല.
വാരാന്ത്യവില വെളിച്ചെണ്ണ കൊച്ചി ക്വിന്റലിന് 18200-19000 രൂപ കൊപ്ര 12210-13800 രൂപ. തൃശൂര്‍ വെളിച്ചെണ്ണ ക്വിന്റലിന് 18100, ആലപ്പുഴ 19000, കോഴിക്കോട് 21300 രൂപ.
റബര്‍വിലയില്‍ ചെറിയ കയറ്റം. റബര്‍ ഐ.എസ്.എസ്. ക്വിന്റലിന് 100 രൂപയും ആര്‍.എസ്.എസ്. നാലിന് 150 രൂപയും വിലകൂടി. മഴമാറിയതോടെ ടാപ്പിങ് പൂര്‍ണമാണ്. ഉല്‍പാദനം കുറവാണ്. നേരത്തെ കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാര്‍ സ്റ്റോക്ക് ചെയ്ത റബര്‍ വില്‍പനയ്ക്കിറക്കി. വിലകൂടുന്നത് കണ്ടാണ് സ്റ്റോക്കിസ്റ്റുകള്‍ വില്‍പനക്കാരായത്. ചെറുകിട കര്‍ഷകരും റബര്‍ വില്‍പനക്കെത്തിച്ചിരുന്നു.
കൊച്ചിയില്‍ 200 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ഉല്‍പാദനകുറവില്‍ ടയര്‍ കമ്ബനികള്‍ വില ഉയര്‍ത്തി വാങ്ങിയതോടെ കമ്ബനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. രാജ്യാന്തര വിപണിയില്‍ ചൈന ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 115 ല്‍ നിന്ന് 120 രൂപയായി വില ഉയര്‍ന്നു. ബാങ്കോക്കില്‍ 104 ല്‍ നിന്ന് വില 100 ആയി കുറഞ്ഞു.
കൊച്ചിയില്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 124 രൂപവരെ വിലകുറഞ്ഞശേഷം വാരമധ്യത്തില്‍ ടയര്‍ കമ്ബനികള്‍ വില ഉയര്‍ത്തിവാങ്ങുകയായിരുന്നു. ടയര്‍ കമ്ബനികള്‍ വില ഉയര്‍ത്തിയതോടെ അവധി കച്ചവടക്കാര്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 127 രൂപവരെ വില ഉയര്‍ത്തിയിട്ടുണ്ട്. വാരാന്ത്യവില റബര്‍ ഐ.എസ്.എസ്. ക്വിന്റലിന് 11700-12300 രൂപ. ആര്‍.എസ്.എസ്. നാല് 12600 രൂപ.
കുരുമുളക് വില വീണ്ടും ഇടിഞ്ഞു
കുരുമുളക് ക്വിന്റലിന് 700 രുപ വീതം വിലകുറഞ്ഞാണ് വിപണി അടച്ചത്. വിയറ്റ്നാമില്‍ നിന്ന് എട്ട് ശതമാനം നികുതി നല്‍കി ശ്രീലങ്കവഴി ഇന്ത്യയിലേക്കുള്ള കുരുമുളക് ഇറക്കുമതി ഒരു നിയന്ത്രണവും ഇല്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ കുരുമുളക് കനത്തവില തകര്‍ച്ച നേരിടുകയാണ്.
നേപ്പാളിലേക്ക് എന്നുപറഞ്ഞ് കൊല്‍ക്കത്ത തുറമുഖം വഴി ഘോരഖ്പൂരില്‍ എത്തിച്ച്‌ കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ ഇറക്കുമതി മുളക് വില്‍പനയ്ക്ക് എത്തിക്കൊണ്ടിരിക്കെയാണ് കൊച്ചിയില്‍ കഴിഞ്ഞവാരം ദിനംപ്രതി 10 മുതല്‍ 15 ടണ്‍വരെ കുരുമുളക് വില്‍പനക്കെത്തിയത്.
വില്‍പനക്കെത്തിയ മുളകിലെല്ലാം ഇറക്കുമതി മുളക് കലര്‍ന്നിട്ടുണ്ട്. കര്‍ണാടകയിലും അഹമ്മദാബാദിലും ഇറക്കുമതി മുളകിനെതിരേ അവിടുത്തെ സര്‍ക്കാര്‍ നടപടി സ്വീകരിച്ച്‌ തുടങ്ങിയിരിക്കെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കുമതി മുളകിന്റെ വരവ് കുറഞ്ഞേക്കും. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക് കയറ്റുമതിക്കാര്‍ കുറച്ചു.
കുരുമുളക് ടണ്ണിന് 6900 ഡോളറില്‍ നിന്ന് 6700 ഡോളറായി വില കുറച്ചിട്ടും കയറ്റുമതിക്ക് കരാറായില്ല. മറ്റ് ഉല്‍പാദക രാജ്യങ്ങളായ ബ്രസീലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഫര്‍ തുടരുന്നത്. ടണ്ണിന് 3300 ഡോളറാണ് ബ്രസീല്‍ രേഖപ്പെടുത്തിയത്. ശ്രീലങ്ക 4900, വിയറ്റ്നാം 3800, ഇന്തോനേഷ്യ 3600 ഡോളറാണ് വില രേഖപ്പെടുത്തിയത്.
ഇറക്കുമതി മുളകിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണംകൊണ്ടുവരാത്ത സാഹചര്യം തുടരുകയാണെങ്കില്‍ ടെര്‍മിനല്‍ വിപണിയില്‍ കുരുമുളകിന് വില തകര്‍ച്ച തുടരും. വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 40000, ഗാര്‍ബിള്‍ഡ് മുളക് 42100 രൂപ.
സ്വര്‍ണം മങ്ങി രൂപ തിളങ്ങി
സ്വര്‍ണം പവന് 240 രൂപ വിലകുറഞ്ഞു. രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടതോടെയാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത്.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്(31.100 മില്ലിഗ്രാം) 1287 ഡോളറില്‍ വില കുറഞ്ഞിരിക്കെയാണ് ആഭ്യന്തര വിലയും ഇടിഞ്ഞത്. രൂപ 65.01ല്‍ നിന്ന് 64 രൂപ 66 െപെസയായി മെച്ചപ്പെട്ടു. പവന് 22360 ല്‍ നിന്ന് 21120 രൂപയായി വിലകുറഞ്ഞു.
മറ്റുള്ളവ
അടയ്ക്ക ക്വിന്റലിന് ആയിരം രൂപ വിലകൂടി. പുതിയ അടയ്ക്ക ക്വിന്റലിന് 21000ത്തില്‍ നിന്ന് 22000 ആയും പഴയ അടയ്ക്ക 22000 ത്തില്‍ നിന്ന് 23000 രൂപയായി വില ഉയര്‍ന്നു. ജാതിക്ക തൊണ്ടില്ലാത്തത് 310 ല്‍ നിന്ന് 315 രൂപയായി വില ഉയര്‍ന്നു. ജാതിപത്രി ചുവപ്പ് 450 ല്‍ നിന്ന് 375 ആയും ജാതിപത്രി മഞ്ഞ 650 ല്‍ നിന്ന് 450 ആയും പഞ്ചസാര 4100 ല്‍ നിന്ന് 4080 ആയും വിലകുറഞ്ഞു.
ചുക്ക് മീഡിയം ക്വിന്റലിന് 12500 ലും ബെസ്റ്റ് ചുക്ക് 13500 ലും മഞ്ഞള്‍ 1150 ലും വറ്റല്‍മുളക് 6800-15000 ലും അരിപച്ച 2100-2450ലും പുഴുക്കലരി ജയ 3600-3700 രൂപയിലും നാടന്‍ ഗ്രാമ്ബു 675 രൂപയിലും വില മാറ്റമില്ലാതെ തുടര്‍ന്നു.

Leave A Reply

Your email address will not be published.