ഉത്പാദനം കുറഞ്ഞു; വിപണിയില്‍ റബര്‍ വില വീണ്ടും ഉയര്‍ന്നു

0

കോട്ടയം: ഉത്പാദനക്കുറവമൂലം ആഭ്യന്തര റബര്‍വിലയില്‍ കഴിഞ്ഞവാരം നേരിയ ഉണര്‍വുണ്ടായി. മഴമൂലം ടാപ്പിംഗ് നിര്‍ജീവമായതാണ് ഉത്പാദനത്തെ ബാധിച്ചത്. വില കൂടിയതിനാല്‍ സ്റ്റോക്ക് ചെയ്തിരുന്ന റബറും കഴിഞ്ഞവാരം കച്ചവടക്കാര്‍ വില്പനയ്ക്കെത്തിച്ചു. ഐ.എസ്.എസ് ക്വിന്റലിന് 100 രൂപയും ആര്‍.എസ്.എസ് – 4 ഗ്രേഡ് റബര്‍ കിലോയ്ക്ക് ഒന്നര രൂപയുമാണ് കൂടിയത്. തരംതിരിക്കാത്തതിന് ഒരുരൂപ ഉയര്‍ന്ന് വില 113 രൂപയിലെത്തി. ഒട്ടുപാലിനും ഒരുരൂപ വര്‍ദ്ധിച്ചു; വില 71 രൂപ.
കഴിഞ്ഞ ഏതാനും ആഴ്ചകളായി 150 ടണ്ണിന്റെ വ്യാപാരം നടക്കുന്ന കൊച്ചിയില്‍, ഡിമാന്‍ഡ് കൂടിയതിനാല്‍ കഴിഞ്ഞവാരം 200 ടണ്‍ വില്പനയുണ്ടായി. കൊച്ചി, കോട്ടയം വിപണികളില്‍ നിന്ന് ടയര്‍ നിര്‍മ്മാതാക്കള്‍ ആര്‍.എസ്.എസ് – 4 ഗ്രേഡ് റബര്‍ കിലോയ്ക്ക് 125 രൂപ നിരക്കിലും അഞ്ചാം ഗ്രേഡ് റബര്‍ 122.50 രൂപ നിരക്കിലും വാങ്ങി. ഉത്പാദനം കുറയുകയും ഉപബോഗം കൂടുകയും ചെയ്തതാണ്, ഉയര്‍ന്ന വില നല്‍കാന്‍ ടയര്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയത്. അവധി വ്യാപാരികള്‍ വില കിലോയ്ക്ക് 127 രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, ഈ വിലക്കയറ്റം താത്കാലികമാകാനാണ് സാദ്ധ്യത. ക്രിസ്മസ് കാലം അടുത്തെത്തിയതിനാല്‍ സാമ്ബത്തിക ആവശ്യം പരിഗണിച്ച്‌ കര്‍ഷകര്‍ കൂടുതല്‍ റബര്‍ വിപണിയിലെത്തിച്ചേക്കും. ഇതു വില താഴാന്‍ വഴിയൊരുക്കും.

ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര റബര്‍ വിലയില്‍ ഇടിവ് തുടരുകയാണ്. ടോക്കിയോ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (ടോക്കോം) കിലോയ്ക്ക് 200 ജാപ്പനീസസ് യെന്നിന് മുകളിലെത്താന്‍ റബറിനു കഴിഞ്ഞില്ല. ബാങ്കോക്ക് വില 104 രൂപയില്‍ നിന്ന് 100 രൂപയിലേക്ക് ഇടിഞ്ഞു. എന്നാല്‍, ചൈനയില്‍ വില അഞ്ച് രൂപ ഉയര്‍ന്ന് 120 രൂപയായി. പ്രമുഖ റബര്‍ ഉത്പാദക രാജ്യങ്ങളിലെല്ലാം ടാപ്പിംഗ് സജീവമാണ്. വില വരുംദിനങ്ങളില്‍ താഴുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

Leave A Reply

Your email address will not be published.