സ്കൂളിലും ഹോസ്റ്റലിലും ദേശീയഗാനം കര്‍ശനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

0

രാജസ്ഥാന്‍: സ്കൂളുകളിലും കോളജുകളിലും മാത്രമല്ല വിദ്യാര്‍ഥി ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. അസംബ്ലിയിലെ പ്രാര്‍ത്ഥനക്കൊപ്പം ദിവസവും രാവിലെ ഏഴു മണിക്ക് ദേശീയഗാനം ആലപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഹോസ്റ്റലുകളിലാണ് ദേശീയഗാനം നിര്‍ബന്ധമാക്കി സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഒബിസി, എസ്‍സി, എസ്‍ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലുകളില്‍ ദിവസവും വിദ്യാര്‍ഥികള്‍ ദേശീയഗാനം കൃത്യസമയത്ത് ആലപിക്കുന്നത് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇതിപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളില്‍ ദേശഭക്തി ഉണര്‍ത്താനും സജീവമാക്കി നിലനിര്‍ത്താനും ദിവസേന ദേശീയഗാനാലാപനത്തിലൂടെ സാധിക്കുമെന്നാണ് സാമൂഹിക നീതി വകുപ്പ് കണക്കുകൂട്ടുന്നത്.
ദേശീയഗാനം ദിനചര്യയുടെ ഭാഗമാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലം പിന്നീട് ഇത് കൃത്യമായി പിന്തുടരാന്‍ സാധിച്ചില്ലെന്ന് വകുപ്പ് തലവന്‍ സമിത് ശര്‍മ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 789 ഹോസ്റ്റലുകളിലായി 40000 വിദ്യാര്‍ഥികളാണുള്ളത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ സ്കൂളുകളില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ പിന്നീട് താല്‍പര്യമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. അടുത്തിടെ സ്കൂള്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടന നടത്തിയ പരിപാടിയില്‍ ലവ് ജിഹാദിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമായിരുന്നു.

Leave A Reply

Your email address will not be published.