സര്‍വീസ് ചട്ട ലംഘനം : ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല

0

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആത്മകഥ എഴുതിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. എന്നാല്‍ തല്‍ക്കാലത്തേക്ക് ക്രിമിനല്‍ കേസെടുക്കേണ്ടെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. വകുപ്പുതല നടപടികള്‍ മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. മാത്രമല്ല വിശദീകരണം തേടി ജേക്കബ് തോമസിനു നോട്ടീസ് അയക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ചട്ടങ്ങള്‍ ലംഘിച്ച്‌ പുസ്തകമെഴുതിയ ജേക്കബ് തോമസ് ഗുരുതര അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മൂന്നംഗ കമ്മിറ്റി കണ്ടെത്തിയിരുന്നു. 1966ലെ കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച്‌ പോലീസുകാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചാണ് ജേക്കബ് തോമസ് പുസ്തകമെഴുതിയത് എന്നായിരുന്നു പ്രധാന കുറ്റം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്‍ഡാക്ടും അദ്ദേഹം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതു പ്രകാരം രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം ജേക്കബ് തോമസ് ചെയ്തുവെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
എന്നാല്‍ ഈ വാര്‍ത്ത പുറത്തു വന്ന ശേഷം ഉന്നത ഉദ്യോഗസ്ഥനെതിരേ ഒരു പുസ്തകമെഴുതിയതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ദേശീയ തലത്തില്‍ വരെ വലിയ വാര്‍ത്തയായി മാറിയിരുന്നു. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരേ കേസെടുത്തതിലുള്ള അതൃപ്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് ക്രിമിനല്‍ കേസെടുക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി ഫയല്‍ തിരിച്ചു വിളിക്കുകയും ചെയ്യുകയായിരുന്നു.

Leave A Reply

Your email address will not be published.