കുവൈത്തിനെതിരെ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി
കുവൈറ്റ്: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ കുവൈത്തിനെതിരെ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻറിനോ കുവൈത്ത് സന്ദർശിച്ചാണ് ഇക്കാര്യം അറിയിച്ചത്. കായിക നിയമത്തിൽ കുവൈത്ത് ഭേദഗതി നടപ്പാക്കിയതോടെയാണ് സസ്പെൻഷൻ പിൻവലിക്കാൻ ഫിഫ തയ്യാറായത്.
കഴിഞ്ഞ നാലുമാസമായി കുവൈത്തും ഫിഫ അധികൃതരും തമ്മിൽ നടത്തി വന്ന ചർച്ചകളുടെ ഫലമായാണ് വിലക്ക് നീങ്ങിയത് . രാജ്യത്തെ കായിക ഭരണ സമിതികൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്ന രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പുതിയ കായിക നിയമത്തിനു കഴിഞ്ഞ ഞായറാഴ്ച കുവൈത്ത് പാർലിമെന്റ് അംഗീകാരം നൽകിയിരുന്നു . ഇതിനു പിന്നാലെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ നേരിട്ടെത്തി വിലക്കൊഴിവാക്കുന്നതു സംബന്ധിച്ച അറിയിപ്പ് കൈമാറിയത് . ബുധനാഴ്ച കാലത്തു കുവൈത്തിലെത്തിയ ഫിഫ പ്രസിഡന്റിനെ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം , കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു . തുടർന്ന് ബയാൻ കൊട്ടാരത്തിലെത്തിയ അദ്ദേഹം കുവൈത്ത് അമീർ ഷൈക്സ് സബാഹ് അൽ അഹമ്മദ് അൽസബാഹുമായി കൂടികാഴ്ച നടത്തി . അമീറിന്റെ സാന്നിധ്യത്തിലായിരുന്നു വിലക്ക് പിൻവലിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം . കുവൈത്തിനെ ഫിഫ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഇൻഫാന്റീനോ ഈ ദിനം കുവൈത്ത് കായിക ചരിത്രത്തിൽ പുതിയൊരു യുഗത്തിന് തുടക്കമാകട്ടെ എന്നു ആശംസിച്ചു . കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് ജാബിർ അൽ സബാഹ് , സ്പീക്കർ മർസൂഖ് അൽഗാനിം, അമീരി ദിവാൻ കാര്യമന്ത്രി ഷെയ്ഖ് യൂസഫ് അൽ ജാറല്ല കാര്യമന്ത്രി. കായികമന്ത്രി ഖാലിദ് അൽ റൗദാൻ , പാർലിമെന്റ് മുൻഗണനാ സമിതി അധ്യക്ഷൻ അഹമ്മദ് അൽ ഫെഡിൽ എംപി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .