ഇന്ത്യന്‍ ശിക്ഷാ നിയമം 497-ാം വകുപ്പ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

0

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും ശിക്ഷിക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാനേ ഇന്ത്യന്‍ ശിക്ഷാ നിയമം 497 പ്രകാരം വകുപ്പുള്ളൂ.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കാട്ടി ഭര്‍ത്താവ് പരാതി നല്‍കുകയും ഇക്കാര്യം തെളിയിക്കപ്പെടുകയും ചെയ്താല്‍ ഭാര്യയുടെ കാമുകന് മാത്രമാണ് ശിക്ഷ ലഭിക്കുക. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. ഇന്ത്യന്‍ പീനല്‍ കോഡ് 497 കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹേതര ബന്ധത്തില്‍ സ്ത്രീ രക്ഷപ്പെടുകയും പുരുഷന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെട്ടത്.
ഏറെക്കാലമായി വലിയ ചര്‍ച്ചയായി നിലനില്‍ക്കുന്ന വിഷയമാണിത്. നിലവില്‍ വിവാഹബന്ധത്തില്‍ വിശ്വാസ വഞ്ചന കാണിക്കുന്ന പുരുഷനെ ശിക്ഷിക്കാന്‍ വ്യവസ്ഥകള്‍ ഏറെയുണ്ടെങ്കിലും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് ശിക്ഷയില്ല എന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഭാര്യയുടെ രഹസ്യക്കാരന് എതിരെ ഭര്‍ത്താവ് പരാതി നല്‍കിയാല്‍ കാമുകന് ശിക്ഷ ഉറപ്പാണുതാനും. അതേസമയം വഞ്ചന നടത്തിയ ഭാര്യ ശിക്ഷയില്‍ നിന്ന് ഒഴിവായി രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
ഒരാള്‍ക്ക് തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ പരാതി നല്‍കാന്‍ അനുമതി നല്‍കുന്ന വകുപ്പാണ് ഐപിസി 497. ഇരുവരും ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടത് എന്ന് തെളിഞ്ഞാല്‍ പരപുരുഷന് ശിക്ഷ നല്‍കാന്‍ നിയമം വ്യവസ്ഥചെയ്യുന്നു.
അതേസമയം, ഭാര്യയുടെ സമ്മതമില്ലാതെ നടക്കുന്ന മാനഭംഗം പോലുള്ള ലൈംഗികാതിക്രമങ്ങള്‍ ഈ വകുപ്പില്‍ ഉള്‍പ്പെടുകയുമില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരുവനൊപ്പം ഒളിച്ചോടുന്നവര്‍ക്ക് എതിരെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് എടുക്കുന്നത് ഈ വകുപ്പ് പ്രകാരമാണ്. അതേസമയം ഇത്തരമൊരു പരാതിയില്‍ സ്ത്രീക്ക് ശിക്ഷ ലഭിക്കാറില്ല. ഇതിന് നിയമത്തില്‍ വ്യവസ്ഥയുമില്ല. ഇതിനെ ചോദ്യംചെയ്താണ് ഇപ്പോള്‍ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്.

Leave A Reply

Your email address will not be published.