കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
28 ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്താന്‍ സര്‍വകലാശാല ഉപസമിതിയെ നിയോഗിക്കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് പ്രോ വൈസ് ചാന്‍സലറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവം സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുകിട്ടിയത്. ഫിലിം സ്റ്റഡീസ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത കടലാസുകള്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദിനാണ് വഴിയരികില്‍ നിന്നും ലഭിച്ചത്.
മാനന്തവാടി ഗവണ്മെന്റ് കോളെജിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയായ ടോം കെ ഷാജിയുടെ ഉത്തരകടലാസാണ് കളഞ്ഞുകിട്ടിയത്. മറ്റൊരാളുടെ സഹായത്തോടെയാണ് ടോം പരീക്ഷ എഴുതിയത്. കഴിഞ്ഞ മെയിലായിരുന്നു പരീക്ഷ. ജൂണ്‍ 21 ന് ഫലം പ്രഖ്യാപിച്ചു. എന്നാല്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഈ വിദ്യാര്‍ത്ഥിയുടേതടക്കം ചിലരുടെ പരീക്ഷാ ഫലം തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തരക്കടലാസ് കളഞ്ഞു കിട്ടിയിരിക്കുന്നത്.