ലാവലിന്‍ കേസ്: ഹര്‍ജികള്‍ സുപ്രിം കോടതി ഈ മാസം 11 ന് പരിഗണിക്കും
ദില്ലി: ലാവലിന്‍ കേസിലെ ഹൈക്കോടതി വിധികികെതിരായ ഹര്‍ജികള്‍ സുപ്രിം കോടതി ഡിസംബര്‍ 11 ന് പരിഗണിക്കും. കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര് ശിവദാസന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, എ അബ്ദുള്‍ അസീസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. അതേസമയം അന്വേഷണ ഏജന്‍സിയായ സിബിഐ കേസില്‍ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.
ഒക്ടോബര്‍ 27 ന് ഹര്‍ജി പരിഗണിച്ച കോടതി ആറ് ആഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിബിഐ ഉടന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അതിനാല്കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ആര് ശിവദാസന്‍ വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. കേസിലെ മൂന്ന് പേര് ഒഴികെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടെന്ന് റോത്ത്ഗി കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ശിവദാസന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.
ലാവലിന്‍ കേസില്‍ തങ്ങള്‍ക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നുമുള്ള ഹൈക്കോടതി വിധിയെയാണ് മൂന്നും നാലും പ്രതികളായ ആര് ശിവദാസനും കസ്തൂരിരംഗ അയ്യരും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഓഗസ്റ്റ് 23 നായിരുന്നു കേസില്‍ കേരള ഹൈക്കോടതി വിധി പറഞ്ഞത്. കേസിന് ആസ്പദമായ കരാറിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഒന്നാം പ്രതി ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം, നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍, രണ്ടും മൂന്നും പ്രതികളായ കെജി രാജശേഖരന്, ആര് ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
1998 ല്‍ പിണറായി വിജയന് വൈദ്യുതിമന്ത്രി ആയിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്ബനിയായ ലാവലിന്‍ നല്‍കിയതിലൂടെ 374 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് സിബിഐ കേസ്. എന്നാല്‍ 2013 ല്‍ തിരുവനന്തപുരം സിബിഐ കോടതി പിണറായി വിജയന് ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി മൂന്ന് പേര് വിചാരണ നേരിടണമെന്ന് വിധിച്ചത്.