‘ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു’- തമിഴ് ജനതക്ക് നടന്‍ വിശാലിന്‍റെ തുറന്ന കത്ത്

ചെന്നൈ: ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച പത്രിക തള്ളിയ പശ്ചാത്തലത്തില്‍ തമിഴ് നടന്‍ വിശാലിന്‍റെ തുറന്ന കത്ത്.
ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രേരണ കൊണ്ടല്ല എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. തമിഴ് ജനതയെ സേവിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ് ഞാന്‍ പത്രിക സമര്‍പ്പിച്ചത്.
നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം നീതിക്ക് നിരക്കാത്തതാണ്. ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.
ഉപതെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് മുന്നിലുണ്ട്. കന്യാകുമാരിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ നാം ഏര്‍പ്പെടേണ്ടത്. കാണാതായ മത്സ്യത്തൊഴിലാളികളെ അവരുടെ കുടുംബങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഇപ്പോള്‍ ഏര്‍പ്പെടാം.
ആര്‍.കെ. നഗറിലെ എല്ലാ നല്ലവരായ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. തമിഴ് നാട്ടിലേയും ഇന്ത്യയൊട്ടാകെയും എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും എന്നോടൊപ്പം നില്‍ക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍, എന്‍റെ ആരാധകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഞാന്‍ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളും. രാഷ്ട്രീയത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വിശാല്‍ സമര്‍പ്പിച്ച പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളിയിരുന്നു. പിന്താങ്ങിയ 10 പേരില്‍ രണ്ട് പേരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്.

Comments are closed.