മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന്‍ റിപ്പോര്‍ട്ട്‌

0

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപ. വിവരാവകാശ രേഖകള്‍ പ്രകാരമാണ് കണക്ക് വെളിപ്പെട്ടത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ ചെലവഴിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി. ഗ്രേറ്റര്‍ നോയ്ഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് അപേക്ഷ നല്‍കിയത്.
ഇലക്‌ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്‍റര്‍നെറ്റ്, എസ്.എം.എസ്, ടി.വി എന്നിവയിലൂടെയായിരുന്നു പരസ്യം. അച്ചടി മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്.
സര്‍ക്കാറിന്‍റെ പ്രധാന പദ്ധതികള്‍ക്കുള്ള ബജറ്റിനേക്കാള്‍ കൂടുതലാണ് കേന്ദ്രം പരസ്യ പ്രചാരണത്തിന് ചെലവിടുന്ന തുക. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മന്‍ കി ബാതിന്‍റെ” പരസ്യം പത്രത്തില്‍ നല്‍കാനായി മാത്രം 2015ല്‍ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.