രഞ്ജി ട്രോഫി പരമ്പര : കേരളം 176 റണ്‍സിന് പുറത്ത്
സൂറത്ത്: രഞ്ജി ട്രോഫിയിലെ തങ്ങളുടെ ആദ്യ സെമിയില്‍ ബൗളിംഗില്‍ പുലര്‍ത്തിയ മേധാവിത്വം കേരളത്തിന് ബാറ്റിംഗില്‍ നിലനിര്‍ത്താനായില്ല. ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിനെതിരെ കേരളം 176 റണ്‍സിന് പുറത്തായി. ഇതോടെ വിദര്‍ഭയ്ക്ക് നിര്‍ണായകമായ 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് കേരളത്തെ തകര്‍ത്തത്.
ഇതോടെ സെമിയില്‍ പ്രവേശിക്കണമെങ്കില്‍ കേരളത്തിന് വിദര്‍ഭയെ തോല്‍പ്പിക്കണം. സമനിലയിലായാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ സെമിയിലെത്തും. കേരളനിരയില്‍ സക്സേന (40), രോഹന് പ്രേം (29), സഞ്ജു സാംസണ് (30), സച്ചിന് ബേബി (29), അരുണ്‍ കാര്‍ത്തിക് (21) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.
രണ്ടിന് 28 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് രോഹന് പ്രേമും സക്സേനയും നല്‍കിയത്. എന്നാല്‍ സ്കോര്‍ 71 ല്‍ നില്‍ക്കെ രോഹനെ പുറത്താക്കി കരണ്‍ ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ സഞ്ജുവുമൊത്ത് സക്സേന 44 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അവിടെ വെച്ച് സഞ്ജുവിനെ പുറത്താക്കി സര്‍വാതെ തിരിച്ചടിച്ചു. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും പ്രതീക്ഷയായി നിന്നിരുന്ന സക്സേനയും കൂടാരം കയറി. ആറാം വിക്കറ്റില്‍ സച്ചിനും അരുണ്‍ കാര്‍ത്തികും ചേര്‍ത്ത 58 റണ്‍സാണ് സ്കോര്‍ 150 കടത്തിയത്. ഇരുവരും പുറത്തായതോടെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. അവസാന നാലുവിക്കറ്റുകള്‍ വെറും പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് നഷ്ടമായത്.