തുര്‍ക്കി-ഇസ്രായേല്‍ നയതന്ത്ര ബന്ധം തകരുമോ : ഒഐസി യോഗം ഇന്ന്

0

ഇസ്തംബൂള്‍: തുര്‍ക്കി-ഇസ്രായേല്‍ നയതന്ത്ര ബന്ധം തകരുമോ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) യോഗം ഇസ്തംബൂളില്‍ ഇന്ന്‍ചേരാനിരിക്കെ ലോകം ഉറ്റു നോക്കുന്നത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ നിലപാടുകളിലേക്ക്. നേരത്തേ മുന്നറിയിപ്പ് നല്‍കിയ പോലെ ജെറൂസലേം വിഷയത്തില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയെന്ന കടുത്ത നിലപാട് എടുക്കാന്‍ അദ്ദേഹം തയ്യാറാകുമോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഒ.ഐ.സി യോഗം ജെറൂസലേം പ്രശ്നത്തോടുള്ള അറബ് ലോകത്തിന്റെ പ്രതികരണത്തിലെ വഴിത്തിരിവാകുമെന്ന് റഷ്യന്‍ പ്രസിഡന്റുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. ആ വഴിത്തിരിവ് എന്തായിരിക്കുമെന്നതിനെ കുറിച്ചാണ് നിരീക്ഷകരുടെ ചര്‍ച്ചകള്‍.
ഫലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്ന ഉര്‍ദുഗാന്‍ മുന്‍കൈയെടുത്താണ് തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളില്‍ ഒ.ഐ.സിയുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മേഖലയിലെ വന്‍ ശക്തികളായ സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരേ പരസ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ശക്തമായ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇസ്രായേലിനോടുള്ള എതിര്‍പ്പിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും തിരശ്ശീലയ്ക്കു പിന്നില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും അനുകൂലമായ നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം, ഇസ്രായേലിന്റെ ശക്തമായ വിമര്‍ശകനായ തുര്‍ക്കി പ്രസിഡന്റ്, ജെറൂസലേം വിഷയത്തില്‍ ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇസ്രായേലിനെതിരേ ലഭിക്കുന്ന ഒരു അവസരം ഉര്‍ദുഗാന്‍ നഷ്ടപ്പെടുത്താറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ച്‌ ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനെറ്റിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ജെറൂസലേം ഫലസ്തീനികള്‍ക്ക് അന്യമാവുന്ന ഒരു പരിഹാരവും ഇക്കാര്യത്തില്‍ സാധ്യമല്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. ജെറൂസലേം പ്രശ്നത്തെ തുടര്‍ന്ന് ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന് തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.