രഞ്ജി സെമി പോരാട്ടം ഡിസംബര്‍ 17-21 വരെ

0

രഞ്ജി ട്രോഫി സെമി പോരാട്ടങ്ങളുടെ ഫിക്സച്ചര്‍ തയ്യാറായി. ഡിസംബര്‍ 17-21 വരെ നടക്കുന്ന സെമി മത്സരങ്ങളില്‍ ബംഗാളും ഡല്‍ഹിയും പൂനെയില്‍ ഏറ്റുമുട്ടുമ്ബോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കര്‍ണ്ണാടയുടെ എതിരാളികള്‍ വിദര്‍ഭയാണ്. സെമിയിലേക്ക് യോഗ്യത നേടിയ ടീമുകളില്‍ ബംഗാള്‍ ഒഴികെ ബാക്കി മൂന്ന് ടീമുകളും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ജയിച്ചാണ് സെമിയിലേക്ക് കടന്നത്.
ഗുജറാത്തും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് രണ്ടാം ദിവസം അവസാനിപ്പിച്ച്‌ ലീഡ് നേടിയ ബംഗാള്‍ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ മാരത്തണ്‍ ബാറ്റിംഗ് കാഴ്ചവെച്ച്‌ സെമി ഉറപ്പിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 231 ഓവറുകള്‍ ബാറ്റ് ചെയ്ത ബംഗാള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 695 റണ്‍സാണ് നേടിയത്.
ക്വാര്‍ട്ടര്‍ ഫൈനലിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുമെന്ന് കരുതിയ മത്സരത്തില്‍ കര്‍ണ്ണാടക ഏകപക്ഷീയമായി മുംബൈയെ തകര്‍ക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 20 റണ്‍സിനുമാണ് കര്‍ണ്ണാടക നിലവിലെ റണ്ണറപ്പുകളായ മുംബൈയെ തകര്‍ത്തത്. മധ്യ പ്രദേശിനെതിരെ 7 വിക്കറ്റ് ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ഗൗതം ഗംഭീറിന്റെ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സില്‍ ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 95 റണ്‍സ് നേടിയ ഗൗതം ഗംഭീര്‍ റണ്‍ഔട്ട് ആവുകയായിരുന്നു. പരാജയം ഏറ്റുവാങ്ങിയെങ്കിലും മധ്യ പ്രദേശിന്റെ ഹര്‍പ്രീത് സിംഗ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തെ 412 റണ്‍സിനു പരാജയപ്പെടുത്തിയാണ് വിദര്‍ഭ സെമി സ്ഥാനം ഉറപ്പാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ തകര്‍ച്ച നേരിട്ടുവെങ്കിലും കേരളത്തെ കുറഞ്ഞ സ്കോറിനു പുറത്താക്കിയ വിദര്‍ഭ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി സെമിയിലേക്ക് കൂടുതല്‍ അടുത്തു. രണ്ടാം ഇന്നിംഗ്സില്‍ 507/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ 165 റണ്‍സിനു ഓള്‍ഔട്ട് ആക്കി വിജയം കൊയ്തു.

Leave A Reply

Your email address will not be published.