ജിഷ വധക്കേസ് : പ്രതി അമീറുളിന് വധശിക്ഷ

0

കൊച്ചി : ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ളാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. നിരായുധയായ യുവതിയെ ക്രൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.

പെരുമ്ബാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്ബോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ളാം പിടിയിലായി.

ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ അയാള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ മാരകമായി കുത്തി പരിക്കേല്പിച്ച പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ച ജിഷയുടെ വായിലേക്ക് മദ്യമൊഴിച്ചു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമീറിനെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ കണ്ടെത്താന്‍ പൊലീസ് ഏറെ പണിപ്പെട്ടു. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാര്‍ച്ച്‌ 13 നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.

അമീറുള്‍ പ്രതിയല്ലെന്നും ഇയാളെ പൊലീസ് കുടുക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിലും രക്തത്തിലും അമീറുള്‍ ഇസ്ളാമിന്റെ ഡി.എന്‍.എ സ്ഥിരീകരിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണമടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം എതിര്‍വാദങ്ങളെ മറികടന്നാണ് അന്വേഷണ സംഘം 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.