വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശ്രേയസ് അയ്യറുടെ തകര്‍പ്പന്‍ പ്രകടനം
മൊഹാലി: ധര്‍മശാല ഏകദിന മത്സരത്തില്‍ ശ്രീലങ്കയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് മലയാളി ശ്രേയസ് അയ്യരുടെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. നേരത്തെ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചെങ്കിലും ഏകദിനത്തിലെ ആദ്യ മത്സരം തന്നെ ആരും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായിരുന്നു.
ശ്രീലങ്കയോട് റെക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയ ആദ്യ മത്സരത്തില്‍ ശ്രേയസ് നേടിയത് 27 പന്തില്‍ 9 റണ്‍സ് ആയിരുന്നു. അരങ്ങേറ്റത്തിലെ ദയനീയ ബാറ്റിങ് ശ്രേയസിനെതിരെ വിമര്‍ശനത്തിനും ഇടയാക്കി. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടീമില്‍ ശ്രേയസിന്റെ സാന്നിധ്യത്തെ വിമര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ കടുത്ത സമ്മര്‍ദ്ദത്തോടെയായിരുന്നു ഈ പാതി മലയാളി മൊഹാലിയില്‍ പാഡണിഞ്ഞത്. എന്നാല്‍, മൂന്നാമനായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇരുപത്തിമൂന്നുകാരനായ യുവതാരം ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചു. രണ്ടാം മത്സരത്തില്‍ തന്നെ 88 റണ്‍സ് നേതിയ താരത്തിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോലി മാറി നിന്നതിനാലാണ് ശ്രേയസിന് അവസരമൊരുങ്ങിയത്. രണ്ടാം മത്സരത്തില്‍ തന്നെ അവസരം മുതലാക്കിയതോടെ 2019 ലോകകപ്പ് സ്ക്വാഡിലേക്ക് ശ്രേയസ് ഉള്‍പ്പെടാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.