പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു : പ്രതിപക്ഷബഹളം നടപടികള്‍ തടസ്സപെട്ടു

0

ദില്ലി: പാര്‍ലമെന്റിന്റെ സമ്മേളനം ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസ്സപെട്ടു. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നിരാകരിച്ചു. പ്രധാനമന്ത്രിയുടെ ആരോപണം ഗൗരവമേറിയതാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. അതേസമയം, അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ലോക്സഭാ ഇന്നത്തേക്ക് പിരിഞ്ഞു.
ഇരുപത് വര്‍ഷത്തിനിയിലെ പാര്‍ലമെന്റിന്റെ ഏറ്റവും ചുരുങ്ങിയ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ആകെ 14 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ എത്തിയ പുതിയ മന്ത്രിമാരെ ഇരു സഭകളിലും പ്രധാനമന്ത്രി പരിചയപ്പെടുത്തി. ജെഡിയു അംഗങ്ങളായ ശരദ് യാദവ്, അന്‍വര്‍ അലി എന്നിവരെ അയോഗ്യരാക്കിയ തീരുമാനം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. എന്നാല്‍ ബിഹാറിലെ മഹാസഖ്യം പിളര്‍ത്തി ബിജെപിക്കൊപ്പം പോയ നിതീഷ് കുമാറും അദ്ദേഹത്തോടൊപ്പമുള്ള എംപിമാരുമാണ് രാജിവെയ്ക്കേണ്ടതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ചെയര്‍മാന്റെ റൂളിംഗിനെ കുറിച്ച്‌ ചര്‍ച്ച അനുവദിക്കാനാകില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
തുടര്‍ന്ന് ശൂന്യവേളയിലേക്ക് സഭ കടന്നപ്പോഴാണ് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചു എന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടത്. എന്നാല്‍ ആനന്ദ് ശര്‍മയെ സംസാരിക്കാന്‍ ചെയര്‍മാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ 12 മണി വരെ സഭ നിര്‍ത്തിവെച്ചു. 12 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണം അതീവ ഗൗരവമേറിയതാണെന്നും ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ നിരാകരിച്ചു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ സഭാ നടപടികള്‍ ചെയര്‍മാന്‍ നിര്‍ത്തിവെച്ചു.

Leave A Reply

Your email address will not be published.