ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം : ജാവ തീരത്ത് സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ജാവ ദ്വീപിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. അതേസമയം രണ്ട് മരണം സ്ഥിരീകരിച്ചു. ജക്കാര്‍ത്തയിലും സമീപ നഗരങ്ങളിലും അനുഭവപ്പെട്ട ഭൂചലനം 20 സെക്കന്‍ഡ് നീണ്ടുനിന്നു.
ഭൂകമ്പമുണ്ടായതിന് പിന്നാലെ ജാവ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കയാണ്. ആളുകള്‍ തീരപ്രദേശം ഉപേക്ഷിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് ഇന്തോനേഷ്യന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സ്ഥലങ്ങളില്‍ കെട്ടിടങ്ങളില്‍ പരിഭ്രാന്തരായി ആളുകള്‍ ഇറങ്ങി ഓടി.
പടിഞ്ഞാറന്‍ ജാവയിലാണ് ഏറെയും നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. നിരവധിപേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.സെന്‍ട്രല്‍ ജാവയിലെ ആശുപത്രി കെട്ടിടവും തകര്‍ന്നിട്ടുണ്ട്. ഇവിടെനിന്ന് രോഗികളെ പുറത്തെത്തിച്ച് മറ്റുആശുപത്രികളിലേക്ക് മാറ്റി.