കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും

0

ഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും. ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറും. അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ ആമുഖ പ്രഭാഷണത്തിന് ശേഷം അധികാര രേഖ രാഹുലിനു കൈമാറും. ശേഷം സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി സംസാരിക്കും.സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിക്കും. സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയും നേതാക്കളെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും.

Leave A Reply

Your email address will not be published.