രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമാപനം : മികച്ച ചിത്രം വാജിബ്

0

തിരുവനന്തപുരം: ലോകസിനിമകള്‍ വിസ്മയക്കൂട്ട് തീര്‍ത്ത കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമാപനം. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം (15 ലക്ഷം രൂപ) ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പലസ്തീനിയന്‍ ചിത്രം വാജിബിന്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം (മൂന്നുലക്ഷം രൂപ) ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന്‍ നേടി. ഏദന്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം (നാലു ലക്ഷം രൂപ) മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതനയ്ക്ക്.
ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങള്‍ അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത “ന്യൂട്ടന്‍” എന്ന ഇന്ത്യന്‍ ചിത്രം നേടി. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “തൊണ്ടിമുതലും ദൃക്സാക്ഷി”യുമാണ് നെറ്റ്പാക് പുരസ്കാരത്തിന് അര്‍ഹമായ മലയാളചിത്രം. മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാനിയുടെ “ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്” എന്ന ചിത്രത്തിന് ലഭിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് തീവ്രതയോടെ ആവിഷ്കരിക്കുന്നതായിരുന്നു ചിത്രം. ലോകമെമ്ബാടുമുള്ള സ്ത്രീ ജീവിതങ്ങള്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ സംവിധായിക റെയ്ഹാന പറഞ്ഞു.
മന്ത്രി തോമസ് ഐസക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റഷ്യന്‍ സംവിധായകനായ അലക്സാണ്ടര്‍ സുഖറോവിന് മന്ത്രി സമ്മാനിച്ചു. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ജൂറിയധ്യക്ഷന്‍ മാര്‍ക്കോ മുള്ളര്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ്ചെയര്‍പെഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ലെനിന്‍ രാജേന്ദ്രന്‍, എം. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.