ഓഖി: തെരച്ചില്‍ തുടരും, നാളെ 105 ബോട്ടുകള്‍ കൂടി പുറപ്പെടുമെന്ന്‍ മുഖ്യമന്ത്രി

0

തിരുവനന്തപുരം: നാശംവിതച്ച ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.105 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം നാളെ വൈകുന്നേരം ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളതീരത്ത് നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസത്തേക്കായിരിക്കും തിരച്ചില്‍ നടത്തുക. തിരച്ചിലിനാവശ്യമായ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമാസംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം മത്സ്യബന്ധന ബോട്ടുകളായിരിക്കും തിരച്ചില്‍ നടത്തുക.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരച്ചിലിനിടയില്‍ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ആയത് ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.