സ്വാന്‍സിയെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവുമായി എവര്‍ട്ടന്‍

0

ഗംഭീര തിരിച്ചു വരവുമായി എവര്‍ട്ടന്‍. ഇത്തവണ സ്വന്തം മൈതാനമായ ഗൂഡിസന്‍ പാര്‍ക്കില്‍ സ്വാന്‍സിയെ 3-1 ന് തോല്‍പിച്ചാണ് റൂണിയും സംഘവും പോയിന്റ് ടേബിളില്‍ ആദ്യ പത്തിലേക്ക് കടന്നത്. ജയത്തോടെ 25 പോയിന്റുമായി എവര്‍ട്ടന്‍ ഒന്‍പതാം സ്ഥാനത്താണ്. സ്വാന്‍സി വെറും 12 പോയിന്റുമായി അവസാന സ്ഥാനത്താണ്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്വാന്‍സിക്ക് തിരിച്ചടി നേരിട്ടു. മികച്ച ഫോമിലുള്ള ബോണി പരിക്കേറ്റ് പിന്മാറി പകരം റ്റാമി അബ്രാമിനു ഇറങ്ങേണ്ടി വന്നു. സ്വാന്‍സിയാണ് ആദ്യ ഗോള്‍ നേടിയത്. ലിറോയ് ഫെര്‍ ആണ് സന്ദര്‍ശകരുടെ ഗോള്‍ നേടിയത്. ബോക്സില്‍ ലെനനെ വീഴ്ത്തിയതിന് എവര്‍ട്ടന് ലഭിച്ച പെനാല്‍റ്റി എടുത്തത് റൂണി. റൂണിയുടെ കിക്ക് ഫാബിയാന്‍സ്കി തടുത്തെങ്കിലും മികച്ച ഫോളോ അപ്പില്‍ കാല്‍വര്‍ട്ട് ലെവിന്‍ ഗോളാക്കി എവര്‍ട്ടനായി സമനില പിടിച്ചു. 64 ആം മിനുട്ടിലാണ് എവര്‍ട്ടന്റെ രണ്ടാം ഗോള്‍ നേടിയത്. ഇത്തവണ റൂണി നല്‍കിയ പാസ്സ് ബോക്സിന് പുറത്ത് നിന്ന് സിഗേഴ്സന്‍ ഗോളാക്കി. മുന്‍ സ്വാന്‍സി താരം പക്ഷെ തന്റെ പഴയ ടീമിനെതിരെ ഗോള്‍ ആഘോഷിക്കാന്‍ നിന്നില്ല. 73 ആം മിനുട്ടില്‍ കെന്നിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റൂണി ഇത്തവണ പിഴവില്ലാത്ത ഗോളാക്കിയപ്പോള്‍ എവര്‍ട്ടന്‍ ജയം ഉറപ്പിച്ചു. റിപ്ലെകളില്‍ ഫൗള്‍ ബോക്സിന് പുറത്തായിരുന്നു എന്ന് കാണിച്ചെങ്കികും പോള്‍ കളെമെന്റിന്റെ ടീമിന് അവിടെയും ഭാഗ്യം തുണച്ചില്ല.
അവസാനത്തെ 6 മത്സരങ്ങളില്‍ എവര്‍ട്ടന്‍ നേടുന്ന അഞ്ചാം ജയമാണ് ഇന്നത്തേത്.

Leave A Reply

Your email address will not be published.