കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കല്‍ : നിയമപ്രകാരം നഷ്ടപരിഹാരം നല്കാന്‍ ഹൈകോടതി ഉത്തരവ്

0

കൊച്ചി:കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവ്.നിയമപ്രകാരം നഷ്ടപരിഹാരം നല്കാന്‍ ഹൈകോടതി ഉത്തരവിറക്കി.മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. നഷ്ടപരിഹാരത്തിന്‍റെ 80 ശതമാനം മാത്രം കൈപറ്റിയവര്‍ക്ക് ബാക്കി തുക പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വര്‍ധിപ്പിച്ചു നല്‍കണമെന്നായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് കൊച്ചി മെട്രോ അപ്പീല്‍ സമര്‍പ്പിച്ചത്.തങ്ങളുടെ നഷ്ടപരിഹാര ആവശ്യം ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് പറയുന്നു. ഇത് കലക്ടര്‍ ആറ് ആഴ്ചക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണം. നഷ്ടപരിഹാരത്തിന് പലിശ കണക്കാക്കുമ്ബോള്‍ ഭൂമിയുടെ കൈവശാവകാശം കൈമാറിയ തീയതി പരിഗണിക്കണം. ആദ്യം നല്‍കിയ 80 ശതമാനം തുകക്ക് പലിശ കണക്കു കൂട്ടരുത്. ബാക്കിയുള്ള 20 ശതമാനം തുക നല്‍കുന്നതിന് മുമ്ബേ ഉടമകള്‍ സെയില്‍ ഡീഡ് തയാറാക്കണം. 12 ഭൂവുടമകളുമായുള്ള കരാറുകളില്‍ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്ല. പക്ഷെ, കരാറില്‍ ഒരു വശത്ത് സര്‍ക്കാരായതിനാല്‍ അവരോട് വിവേചനം കാണിക്കരുത്. അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള ആനൂകൂല്യം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Leave A Reply

Your email address will not be published.