പ്രേതപ്പേടിയില്‍ ഒരു ഗ്രാമം : ഒടുവില്‍ പ്രേതം പോലീസ് പിടിയില്‍

0

വൈകുന്നേരമായാല്‍ ആരും അതുവഴി പോകില്ല. പ്രേതബാധയുള്ള പ്രദേശമാണ്. പലരും കണ്ടിട്ടുണ്ട്. നിരവധി പേര്‍ ആക്രമിക്കപ്പെട്ടു. ഒരാളെ കൊലപ്പെടുത്തിയത് വളരെ ക്രൂരമായിട്ടാണ്. പ്രേതത്തെ കണ്ട് നിലവിളിച്ച്‌ ഓടി രക്ഷപ്പെട്ടവരുമുണ്ട്. ഇതോടെ ഇവിടേക്ക് ആരും വരാതായി.
പുരുലിയ ജില്ലയിലാണ് ബെഗുന്‍കോഡാര്‍. ഇവിടെയുള്ള റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് ഭയപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചത്. പ്രേതത്തെ പലരും കണ്ടിട്ടുണ്ട്. നേരം ഇരുട്ടിയാല്‍ വെള്ള സാരിയുടുത്ത് പാളത്തിലൂടെ നടക്കുമത്രെ.നിരവധി വിനോദ സഞ്ചാരികളെ പ്രേതം ആക്രമിച്ചിട്ടുണ്ട്. വില പിടിപ്പുള്ള പലതും ഇട്ട് ഓടി രക്ഷപ്പെടുകയായിരുന്നു ടൂറിസ്റ്റുകള്‍. ആദ്യമൊന്നും ആരും വിശ്വസിച്ചില്ല. പിന്നെ നേരില്‍ കണ്ടതോടെ എല്ലാവര്‍ക്കും ബോധ്യമായി. ഇതോടെയാണ് കഥകള്‍ വേഗത്തില്‍ പ്രചരിച്ചത്.കഥ പ്രചരിച്ചതോടെ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ എത്താതായി. തുടര്‍ന്ന് 1967ല്‍ റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. അതിലേക്ക് നയിച്ചത് മറ്റൊരു സംഭവം കൂടിയായിരുന്നു. ഇവിടെയുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ ദുരൂഹ സാഹചര്യത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.ഇങ്ങനെയുള്ള ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് ജോലിക്ക് വരാന്‍ ആരെങ്കിലും തയ്യാറാകുമോ? തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് ഇത്തരത്തില്‍ അടച്ചിട്ട 10 പ്രേതബാധിത റെയില്‍വേ സ്റ്റേഷനുകളുണ്ട്.42 വര്‍ഷം റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായപ്പോള്‍, 2009ലാണ് ഈ റെയില്‍വേ സ്റ്റേഷന്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. എങ്കിലും പകല്‍ മാത്രമേ യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിച്ചിരുന്നുള്ളൂ.സ്റ്റേഷന്‍ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചെങ്കിലും അഞ്ച് മണിക്ക് ശേഷം ആരും ഇതുവഴി വരില്ല. ഇതോടെയാണ് പ്രശ്നത്തില്‍ പരിഹാരം കാണാന്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തിയത്. പുരുലിയയില്‍ നിന്ന് കംപ്യൂട്ടറും കാമറകളുമായി അവരെത്തി.പശ്ചിമ ബംഗാ ബിഗ്യാന്‍ മഞ്ച എന്ന സംഘത്തില്‍പ്പെട്ട ഒമ്ബതുപേരാണ് പ്രേതത്തെ പിടിക്കാന്‍ ഒരുങ്ങിയെത്തിയത്. കഴിഞ്ഞദിവസം രാത്രി മുഴുവന്‍ അവര്‍ ബെഗുന്‍കോഡാര്‍ റെയില്‍വേ സ്റ്റേഷനില്‍ തമ്ബടിച്ചു. ഇവര്‍ക്കൊപ്പം ഒരു സംഘം പോലീസുകാരുമുണ്ടായിരുന്നു. ഏറെ വൈകിയിട്ടും ആരെയും കണ്ടില്ല. ഒടുവില്‍ ചില ശബ്ദങ്ങള്‍ കേട്ടു.
രാത്രി രണ്ടുമണിക്കാണ് ചില ശബ്ദങ്ങള്‍ കേട്ടത്. സ്റ്റേഷന്‍ കെട്ടിടത്തിന്റെ പിന്നില്‍ നിന്നായിരുന്നു അത്. ടോര്‍ച്ചുമായി സംഘം ആങ്ങോട്ട് ഓടി. കുറച്ചു യുവാക്കള്‍ ചെടികള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തു.
അപ്പോഴാണ് അഞ്ച് പതിറ്റാണ്ടായി തുടരുന്ന കളികള്‍ പുറത്തായത്. ഈ സംഘമാണ് നാട്ടുകാരില്‍ പ്രേതപ്പേടിയുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ഭയപ്പെടുത്തി കവര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രേതപ്പേടി നിലനിര്‍ത്തിയത്. മുമ്ബും സമാനമായ നീക്കം തന്നെയാകും നടന്നിട്ടുണ്ടാകുക എന്നും പോലീസ് പറയുന്നു.ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപ ഗ്രാമങ്ങളിലും രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് പുരുലിയ എസ്പി ജോയ് ബിശ്വാസ് പറഞ്ഞു. പ്രേതമില്ലെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇനി സ്റ്റേഷന്‍ സജീവമാകുമെന്നാണ് പോലീസ് കരുതുന്നത്. ഒരു കൂട്ടം യുവ പ്രേതങ്ങളെ കൈയ്യോടെ പിടിച്ചതോടെ നാട്ടുകാരില്‍ ചിലരുടെയെങ്കിലും പ്രേതപ്പേടി ഇല്ലാതായിട്ടുണ്ട്.

Leave A Reply

Your email address will not be published.