പ്രീമിയര്‍ ലീഗ് : ആഴ്സണല്‍ ഇന്ന് ചെല്‍സിയെ നേരിടും
പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഇന്ന് ചെല്‍സിയെ നേരിടും. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15 നാണ് കിക്കോഫ്. ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇന്ന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്ത് എത്താനാവും. ആഴ്സണലിനാവട്ടെ ഇന്ന് ജയിക്കാനായാല്‍ സ്പര്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താനാവും.ആര്‍സെന്‍ വെങ്കര്‍ക്കെതിരെ മോശം റെക്കോര്‍ഡുള്ള കോണ്ടേക്ക് ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. എഫ് എ കപ്പിലും കമ്യുണിറ്റി ഷീല്‍ഡിലും ചെല്‍സിയെ തകര്‍ത്ത ആഴ്സണല്‍ സമീപ കാലത്ത് മികച്ച ഫോമിലാണ്. പക്ഷെ പ്രതിരോധത്തിലെ മികച്ച ഫോം വീണ്ടെടുത്ത ചെല്‍സിയെ മറികടക്കുക എന്നത് വെങ്ങര്‍ക്കും സംഘത്തിനും എളുപ്പമാവില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിശ്രമം ലഭിച്ച ആന്ദ്രീയാസ് ക്രിസ്റ്റിയന്‍സനും ഹസാര്‍ഡും ടീമില്‍ എത്തുന്നതോടെ ചെല്‍സി കൂടുതല്‍ ശക്തമാകും. കൂടാതെ വില്ലിയനും പെഡ്രോയും അടക്കമുള്ളവര്‍ ഫോം വീണ്ടെടുത്തതും ചെല്‍സിക്ക് തുണയാകും. ആഴ്സണലാവട്ടെ മെസൂത് ഓസില്‍ ഇല്ലാതെയാവും ഇന്നിറങ്ങുക. പരിക്കേറ്റ താരം ഇന്ന് കളിക്കാന്‍ സാധ്യതയില്ല. കൂടാതെ ക്യാപ്റ്റന്‍ കോശിയെന്‍ലിയും ഇന്നിറങ്ങാന്‍ സാധ്യത കുറവാണ്. അവസാന രണ്ട് കളികളില്‍ 7 ഗോളുകള്‍ നേടിയ ചെല്‍സിയെ തടയാന്‍ അവര്‍ക്ക് ഏറെ വിയര്‍പ്പൊഴുകേണ്ടി വരും. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം.