നോര്‍ത്ത് ഈസ്റ്റ്-ഗോവ പോരാട്ടം ഇന്ന്
ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ എഫ്.സി ഗോവയെ നേരിടും. മുന്‍ ചെല്‍സി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോര്‍ത്ത് ഈസ്റ്റ് പരിശീലകനായി നിയമിച്ചിരുന്നു. ടീമിന്റെ ടെക്നിക്കല്‍ അഡ്വൈസര്‍ എന്ന നിലയിലാണ് ഗ്രാന്റ് നോര്‍ത്ത് ഈസ്റ്റില്‍ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി അവ്റാം ഗ്രാന്റ് തുടരും.മോശം പ്രകടനത്തെ തുടര്‍ന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങള്‍ കഴിഞ്ഞതോടെ നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടെയാണ് കോച്ചിനെ പുറത്താക്കാന്‍ നോര്‍ത്ത് ഈസ്റ്റ് നിര്‍ബന്ധിതനായത്. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിക്കെതിരെ 5 – 0 നാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍വിയേറ്റുവാങ്ങിയത്. തുടര്‍ച്ചയായ നാല് പരാജയങ്ങളുടെ പിന്നാലെയാണ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഗോള്‍ നേടാന്‍ പാടുപെടുന്ന ആക്രമണ നിരയാണ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രധാന പ്രശ്നം. ലീഗില്‍ ഇതുവരെ വെറും 2 ഗോള്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.മികച്ച ഫോമില്‍ കളിച്ചിരുന്ന ഗോവ അവസാന രണ്ട് മത്സരങ്ങളില്‍ വിജയം കണ്ടെത്താനാവാതെ പോയത് അവര്‍ക്ക് തിരിച്ചടിയായിരുന്നു. 7 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്താണ്.