ഫെബ്രുവരി മുതല്‍ സ്വകാര്യ ബസുകള്‍ക്ക് ഏകീകൃതനിറം

0

ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ക്ക് ഏകീകൃതനിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.ഫെബ്രുവരി ഒന്നുമുതല്‍ ഇത് കര്‍ശനമായി നടപ്പാക്കും.പാലിച്ചില്ലെങ്കില്‍ ഒന്നുമുതല്‍ രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമെത്തുന്ന ബസുകള്‍ക്ക് അനുമതി നല്‍കില്ല. ബസുകള്‍ക്ക് ഏകീകൃത രൂപംനല്‍കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ബസ് ബോഡികോഡും സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങി. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് ഇളംനീലയും (മീഡിയം ബ്ളൂ) ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും.
ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് സ്വകാര്യബസുകളിലെ നിറംമാറ്റം പൂര്‍ത്തിയാക്കും. സ്വകാര്യ ബസുകള്‍ക്കിടയില്‍ അനാരോഗ്യകരമായ രീതിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിറവും ഗ്രാഫിക്സും പതിക്കുന്നത് വര്‍ധിച്ചതിനാലാണ് നിയന്ത്രണം. ബസ് ഉടമകളുടെ സംഘടനതന്നെയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാനും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു.
പുതുതായി രജിസ്ട്രേഷന്‍ നടത്തുന്ന ബസുകള്‍ക്കാണ് ബസ് ബോഡികോഡ് നിയമം ബാധകമാകുക. പുതിയ കോഡ് പ്രകാരമുള്ള ആദ്യ കെഎസ്‌ആര്‍ടിസി ബസ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 49 പേര്‍ക്ക് ഇരുന്നും ആറ് പേര്‍ക്ക് നിന്നും സഞ്ചരിക്കാം. 11.98 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ള ബസിന് അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അഞ്ച് വാതിലുണ്ട്. അപകടസമയത്ത് ചില്ല് പൊളിച്ച്‌ പുറത്തുകടക്കാന്‍ ചുറ്റികയും. സ്ഥലപ്പേരുകള്‍ക്ക് പ്രത്യേകം ഇഎല്‍ഡി ഡിസ്പ്ളേയുണ്ടാകും. ക്രാഷ് ടെസ്റ്റിനുശേഷമാണ് പുതിയ ബസ്ബോഡി കോഡിന് അംഗീകാരം നല്‍കിയത്. ഇത്തരം 100 ബസുകള്‍ കെഎസ്‌ആര്‍ടിസി ഉടന്‍ നിരത്തിലിറക്കും.
കേന്ദ്ര ഏജന്‍സി അംഗീകരിച്ച വസ്തുക്കള്‍ (ബള്‍ബ്, സീറ്റ് റെക്സിന്‍, ജനല്‍ഭാഗങ്ങള്‍) എന്നിവമാത്രമേ പുതിയ ബസുകളില്‍ ഉപയോഗിക്കാനാകൂ. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട്, ഓട്ടോ റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലേതെങ്കിലും ഒന്നിന്റെ അംഗീകാരം ലഭിച്ചവര്‍ക്ക് മാത്രമേ ഇനിമുതല്‍ ബസ്ബോഡി നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.

Leave A Reply

Your email address will not be published.