ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ

0

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകും. ആദ്യ പരാജയത്തിനു ശേഷം നാളെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീം സങ്കീര്‍ണമായൊരു മാനസികാവസ്ഥയിലാണ്. ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പുതിയൊരു ടീം ഫോര്‍മുലയ്ക്ക് തയ്യാറെടുക്കുകയാണവര്‍. പക്ഷേ എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച്‌ ഇനിയും കാര്യമായ വ്യക്തത ഉണ്ടായിട്ടുമില്ല. ആദ്യ ടെസ്റ്റിലെ പരാജയം മറക്കാനും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസാന അവസരം കൂടിയാണ് രണ്ടാം ടെസ്റ്റ്. മൂന്നു ടെസ്റ്റുകളാണ് പരമ്ബരയില്‍ ഉള്ളത്. ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ കൂടി ജയിക്കുകയാണെങ്കില്‍ പരമ്ബരതന്നെ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്. എന്തായാലും ആദ്യ മത്സരം കളിച്ച ടീമില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരെ നേരിടാന്‍ ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാരെ ചുമതലപ്പെടുത്താനുള്ള സാധ്യത തേടുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരെ ഈ പരീക്ഷണം വിജയിച്ചിരുന്നു. അജിങ്ക്യ രഹാനയും, ലോകേഷ് രാഹുലും പുറത്തുള്ളപ്പോള്‍ ഇങ്ങനെയൊരാലോചനയെ പ്രയോഗികതലത്തില്‍ കൊണ്ടുവരാന്‍ പ്രയാസമില്ല. എന്നാല്‍ പുതുതായിവരുന്ന ബാറ്റ്സ്മാനെ ഉള്‍ക്കൊള്ളാനുള്ള സ്പേസ് ടീമിലില്ല എന്നതാണ് പ്രശ്നം. നാളെ സെഞ്ചൂറിയനില്‍ കളിക്കാനൊരുങ്ങുമ്ബോള്‍ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നവും ഇതുതന്നെ. അശ്വിനും വിക്കറ്റ് കീപ്പര്‍ കൂടിയായ വൃദ്ധിമാന്‍ സാഹയും പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് ബാറ്റ്സമാന്‍മാരുടെ എണ്ണം ഉയര്‍ത്താനുള്ള പ്രേരണ. എന്നാല്‍ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും ഒരുപോലെ പരാജയപ്പെട്ട ബാറ്റിംഗ് നിരയില്‍ പൊളിച്ചെഴുത്ത് അനിവാര്യവുമാണ്. ഓള്‍ റൗണ്ടര്‍മാരെ ഒഴിവാക്കിക്കൊണ്ടാണ് സാധാരണ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന സൂപ്പര്‍ ഓള്‍ റൗണ്ടറെ ഒഴിവാക്കുക ആത്മഹത്യാപരമായിരിക്കുകയും ചെയ്യും.
ഒന്നാം ഇന്നിംഗ്സില്‍ ഹാര്‍ദ്ദിക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 95 പന്തില്‍ 93 റണ്‍സാണ് ഈ ഓള്‍റൗണ്ടര്‍ അടിച്ചെടുത്തത്. ടീം സ്കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായിരുന്നു ആ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കി ബൗളിംഗിലും ഹാര്‍ദ്ദിക് കരുത്തുകാട്ടി. നാല് പേസര്‍മാരുള്ള ദക്ഷിണാഫ്രിക്കയെ മൂന്നു പേസര്‍മാരെ ഉപയോഗിച്ച്‌ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് ഹാര്‍ദ്ദികിനെ ഒഴിവാക്കാന്‍ കഴിയില്ല. സാഹയെ മാറ്റി ബാറ്റിംഗ് മികവില്‍ മുന്‍തൂക്കമുള്ള പാര്‍ഥിക് പട്ടേലിലെ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

Leave A Reply

Your email address will not be published.