ചോറ്റാനിക്കര അരുംകൊല: ഒന്നാം പ്രതിക്ക് വധശിക്ഷ; അമ്മയ്ക്കും സഹായിക്കും ഇരട്ട ജീവപര്യന്തം
കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് നാലു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ വിധിച്ചു. അമ്മ റാണിക്കും രഞ്ജിത്തിന്റെ സഹായി ബേസിലിനും ഇരട്ട ജീവപര്യന്തം തടവും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും 20,000 രൂപ വീതവും പിഴയും ചുമത്തി.
കുട്ടിയുടെ സംരക്ഷക കൂടിയായ അമ്മ തന്നെ കുട്ടിയെ ക്രൂരമായി വധിക്കാന്‍ കൂട്ടുനിന്നതിനെ ക്ഷമിക്കാവുന്ന കുറ്റമായി കോടതിക്ക് ഒരു തരത്തിലും കാണാനാവില്ലെന്ന് പ്രത്യേക പോക്സോ കോടതി വ്യക്തമാക്കി. ഇൗ കുറ്റത്തിന് ഏഴുവര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഗൂഢാേലാചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍, പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷിച്ചിരിക്കുന്നത്.
കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ 12ന് വിധിക്കാനിരിക്കേയാണ് എറണാകുളം സഖ് ജയിലില്‍ ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഒതളങ്ങയാണ് കഴിച്ചതെന്നും പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് വിധി പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
2013 മാര്‍ച്ചിലാണ് എറണാകുളം തിരുവാണിയൂര്‍ സ്വദേശിയായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്. പിതാവ് ജയിലിലായതോടെ കാമുകന് രഞ്ജിത്തുമായി അടുത്ത അമ്മ അവിഹിത ബന്ധത്തിന് കുട്ടി തടസ്സമാണെന്ന് കണ്ടതോടെ രഞ്ജിത്, സുഹൃത്ത് ബേസില്‍ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മണ്ണെടുത്ത കുഴിയില്‍ മൂടുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായെന്ന് പരാതിയും നല്കി. എന്നാല്‍ സംശയം തോന്നിയ പോലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ രഞ്ജിതും ബേസിലും ലൈംഗികമായി പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ചുവരില്‍ തലയിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.