വ്യാജ വാഹനരജിസ്ട്രേഷന്‍ തട്ടിപ്പ്: അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

0

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. അമലയെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. താരത്തിന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ താരത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു.
അമലാ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ആദ്യം പത്തു ദിവസത്തേയ്ക്ക് അവധിയ്ക്ക് വച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഡിസംബര്‍ 21-നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നികുതി വെട്ടിക്കാനായി അമലാ പോള്‍ വ്യാജ രേഖകള്‍ ചമച്ച്‌ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇത് മോട്ടോര്‍ വാഹന വകുപ്പാണ് കണ്ടെത്തിയത്. താരം രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ച വാടകചീട്ട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്.

Leave A Reply

Your email address will not be published.