സുപ്രീം കോടതിയിലെ തര്‍ക്കം ; എല്ലാം പരിഹരിച്ചുവെന്ന് എ.ജി
ന്യുഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ക്ക് എല്ലാം പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ചീഫ് ജസ്റ്റീസ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കോടതി ബെഞ്ചുകള്‍ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചു. തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും അത് പരിഹരിച്ചെന്നും എ.ജി വ്യക്തമാക്കി. വെള്ളിയാഴ്ച നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് കോടതിയിലെ പൊട്ടിത്തെറി പൊതുസമൂഹം അറിഞ്ഞത്. പ്രശ്ന പരിഹാരത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ പിന്നീട് നടന്നുവരികയായിരുന്നു. ഇന്നു രാവിലെ ജഡ്ജിമാരുടെ ചായ സത്കാരത്തിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും പ്രശ്നത്തിന് പരിഹാരമായെന്നാണ് സൂചന.
സുപ്രീം കോടതിയിലെ പതിനൊന്നാം നമ്ബര്‍ കോടതി ഇന്ന് അവധിയാണ്. ഇന്നത്തെ ഹര്‍ജികള്‍ കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ഒരു ജഡ്ജിക്കുണ്ടായ അസൗകര്യമാണ് കേസുകള്‍ മാറ്റാന്‍ കാരണം. മറ്റ് ചില കോടതികള്‍ രാവിലെ പതിനഞ്ച് മിനിറ്റ് വൈകിയാണെങ്കിലും പതിവുപോലെ ചേരുന്നുണ്ട്. ചീഫ് ജസ്റ്റീസിനെതിരെ ആക്ഷേപം ഉന്നയിച്ച നാല് ജഡ്ജിമാരും പതിവുപോലെ കോടതികളില്‍ എത്തിയിരുന്നു.
അതിനിടെ, വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ ഹര്‍ജിയെത്തി. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റീസിനധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ.പി.ആര് ലുത്രയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര തയ്യാറായില്ല.