ബേനസീര്‍ ഭൂട്ടോ വധം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍

0

ഇസ്ലാമാബാദ്: കൊല്ലപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം നടത്തിയത് തങ്ങളാണെന്ന് പുതിയ വെളിപ്പെടുത്തലുമായി പാകിസ്താനിലെ ഭീകര സംഘടനയായ താലിബാന്‍. 2007 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ അധികാരത്തില്‍ എത്തിയാല്‍ അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ പ്രവര്‍ത്തിക്കും എന്നുള്ള വിവരം ലഭിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് താലിബാന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താലിബാന്‍ നേതാവായ ബൈത്തുള്ള മെഹ്സൂദിന് ലഭിച്ചതായും താലിബാന്‍ അവകാശപ്പെടുന്നു.

ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. തെഹ്രീക്- ഇ-താലിബാനാനാണ് ആക്രമണത്തിന് പിന്നിലെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആരോപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണത്തെ സംഘടന നിഷേധിച്ചു.

2007 ഡിസംബര്‍ 27ന് വൈകിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചാവേറുകളുടെ വെടിയേറ്റായിരുന്നു ബേനസീര്‍ ഭൂട്ടോ മരിച്ചത്. റാവല്‍പിണ്ടിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ അവസാനം കാറിലേക്ക് കയറവേ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേയ്ക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.