സംസ്ഥാനത്ത് പെട്രോള്‍ വില 75 രൂപയും ഡീസലിന് 67 രൂപയും കടന്നു

0

തൃശ്ശൂര്‍: സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് വില 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 75.03 രൂപയും ഡീസലിന് 67.05 രൂപയുമായിരുന്നു. ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ധിക്കുന്നുണ്ട്.

ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16-നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കേന്ദ്രം ഇന്ധനവിലയില്‍നിന്ന് എക്സൈസ് തീരുവ കുറച്ചു. അതുവഴി കേരളത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയിലധികം കുറഞ്ഞു. തീരുവ നീക്കിയതിന്റെ പിറ്റേന്ന് തൃശ്ശൂരില്‍ പെട്രോളിന് ലിറ്ററിന് 71.25 രൂപയും ഡീസലിന് 61.05 രൂപയുമായിരുന്നു. ഡിസംബര്‍ 10-ന് ഇത് യഥാക്രമം 72.18 രൂപ, 62.72 രൂപ എന്നിങ്ങനെ ആയി. പിന്നീട് ഒരുദിവസംപോലും വില താഴ്ന്നിട്ടില്ല.

തിങ്കളാഴ്ച ഡല്‍ഹിയില്‍ ഡീസലിന് 61.74 രൂപയും പെട്രോളിന് 71.18 രൂപയും രേഖപ്പെടുത്തി. താരതമ്യേന നികുതി കുറഞ്ഞ ഡല്‍ഹിയില്‍ 2014-നുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഡീസല്‍ വില 65.74 രൂപയും പെട്രോള്‍ വില 79.04 രൂപയുമായി ഉയര്‍ന്നു. ആറുമാസം മുമ്ബ് ഇവിടെ ഡീസല്‍ വില 58.58 രൂപയും പെട്രോള്‍ വില 79.04 രൂപയുമായിരുന്നു.

വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സി. അവിടെനിന്നാണ് ഇന്ധനം എത്തിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്.

ബജറ്റിനുമുന്‍പ് ഇന്ധനവും ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം ഡിസംബറോടെ പെട്രോളിന്റെയും ഡീസലിന്റെയും വില 100 കടക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നതോടെ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് കാരണം.

2013-ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു. 2013-ല്‍ പെട്രോള്‍ വില 77-ലെത്തിയപ്പോള്‍ ഒരു ബാരല്‍ അസംസ്കൃത എണ്ണയുടെ വില 150 ഡോളര്‍. പിന്നീട് കുറഞ്ഞു. 68 ഡോളറായിരുന്നു കഴിഞ്ഞയാഴ്ച. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം, ഈയാഴ്ച ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിന് അടുത്തെത്തിയതിനാല്‍ ഇന്ധനവിലയില്‍ കുറവുവരാന്‍ സാധ്യതയില്ലെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
Dailyhunt

Leave A Reply

Your email address will not be published.