ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി; ഹാദിയയ്ക്ക് കക്ഷി ചേരാം; എന്‍.ഐ.എ അന്വേഷണം തുടരാം; സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

0

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണായക പരാമര്‍ശവുമായി സുപ്രീം കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ അത്തരമൊരു നടപടിയിലേക്ക് ഹൈക്കോടതി പോയേക്കാം. ആ സാഹചര്യം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. അതാണ് ഈ കേസിലെ മെരിറ്റ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടി നിയമപരമായി നിലനില്‍ക്കുമോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ഹാദിയയുടെ വിവാഹത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ല. എന്നാല്‍ ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ജെഹാന്റെ തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍.ഐ.എ നടത്തുന്ന അന്വേഷവുമായി മുന്നോട്ടുപോകാം. വിവാഹവും അന്വേഷണവും രണ്ടാണെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഫെബ്രുവരി 22ന് വീണ്ടും പരിഗണിക്കും.

അതേസമയം, കേസില്‍ കക്ഷി ചേരാന്‍ ഹാദിയയ്ക്ക് കോടതി അനുമതി നല്‍കി. പത്തു ദിവസത്തിനകം നിലപാട്. അറിയിക്കണം. ഷെഫിന്‍ ജെഹാന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണിത്. നേരത്തെ വിവാഹം റദ്ദാക്കിയ ഹേബിയസ് കോര്‍പസ് കേസില്‍ ഹാദിയ കക്ഷിയായിരുന്നില്ല. ഹാദിയയെ കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹാദിയ കേസില്‍ ഇതുവരെ സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.ഗിരിയെ സര്‍ക്കാര്‍ മാറ്റി. ജെയിന്‍ ഗുപ്തയായിരിക്കും ഇനി സര്‍ക്കാരിന് വേണ്ടി ഹാജരാകുക. എന്‍.ഐ.എ അനുകൂല നിലപാട് സ്വീകരിച്ചതിാലാണ് ഗിരിയെ നീക്കുന്നത്. എന്‍.ഐ.എയുടെ വാദം ആദ്യം കേള്‍ക്കണമെന്നായിരുന്നു ഗിരിയുടെ നിലപാട്. ഹാദിയയ്ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിരുന്നു ഇത്.

ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്റെയും എന്‍.ഐ.എയുടെയും വാദങ്ങളാണ് കോടതി ഇന്നു കേട്ടത്. സുപ്രീം കോടതി നിര്‍ദേശം പോലെ ഒരു ജഡ്ജിയുടെ മേല്‍നോട്ടമില്ലാതെയാണ് എന്‍.ഐ.എ അന്വേഷണം നടക്കുന്നതെന്നും അതിനാല്‍ അത് കോടതിയലക്ഷ്യമാണെന്നും അതുകൊണ്ട് എന്‍.ഐ.എ അന്വേഷണം തടയണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി പരിഗണിച്ചില്ല. എന്നാല്‍ കോടതി നിര്‍ദേശിച്ച പോലെ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി.

Leave A Reply

Your email address will not be published.