അവയവദാനം: കച്ചവടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാരാകും , പരസ്യം മുതല്‍ പരിശോധനവരെ സര്‍ക്കാര്‍ നടത്തും

0

തിരുവനന്തപുരം : ജീവിച്ചിരിക്കുന്നവരില്‍നിന്നുള്ള അവയവദാനം നിയമാനുസൃതമാക്കി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സ്വകാര്യ ആശുപത്രികളെയും ഇടനിലക്കാരെയും പൂര്‍ണമായും ഒഴിവാക്കിയുള്ള പദ്ധതിയുടെ കരട്‌ രൂപരേഖ തയാറായി. അവയവം ആവശ്യമുണ്ടെന്നു പരസ്യം നല്‍കുന്നതു മുതല്‍ പരിശോധനകള്‍ വരെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ രോഗിയെയും ദാതാവിനെയും പരസ്‌പരം ബന്ധപ്പെടുത്തൂ.

മരണാനന്തര അവയവദാനത്തിനുള്ള ഏജന്‍സിയായി രൂപംകൊടുത്ത മൃതസഞ്‌ജീവനി പദ്ധതി, ചില സ്വകാര്യ ആശുപത്രികള്‍ വ്യവസായമാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ സ്‌തംഭിച്ചതിന്റെ പശ്‌ചാത്തലത്തിലാണു സര്‍ക്കാര്‍ ഇടപെടല്‍. അവയവദാന നടപടികളുടെ പ്രാരംഭഘട്ടം മുതല്‍ അവസാനം വരെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതു സര്‍ക്കാരായിരിക്കും. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആവശ്യമനുസരിച്ച്‌ സര്‍ക്കാര്‍ പരസ്യം നല്‍കി ദാതാക്കളെ ക്ഷണിക്കും. മരണാനന്തര അവയവദാന പദ്ധതിക്കു വേണ്ടി രൂപീകരിച്ച മൃതസഞ്‌ജീവനിയില്‍ രജിസ്‌റ്റര്‍ ചെയ്‌തവരില്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടിയാകും പത്രപരസ്യം നല്‍കുക. രോഗിയുടെ വിവരങ്ങള്‍ പരസ്യത്തില്‍ വെളിപ്പെടുത്തില്ല.

അവയവദാനത്തിനു സന്നദ്ധത അറിയിക്കുന്നവരെക്കുറിച്ച്‌ അടിയന്തര അന്വേഷണം നടത്തും. അവയവവില്‍പ്പന ലക്ഷ്യമിടുന്നവരെ തിരിച്ചയയ്‌ക്കും. പ്രതിഫലം പ്രതീക്ഷിക്കാത്തവര്‍ക്കു മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യപരിശോധനകളടക്കം സര്‍ക്കാര്‍ തലത്തില്‍ നടത്തും. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയും നേടിക്കഴിഞ്ഞു മാത്രമേ രോഗി കഴിയുന്ന ആശുപത്രിയിലേക്കു ദാതാവിനെ അയയ്‌ക്കൂ.

ജീവന്‍ നിലനിര്‍ത്താന്‍ അവയവം ആവശ്യപ്പെട്ട്‌ വ്യക്‌തികള്‍ പരസ്യം നല്‍കുന്നതു സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതു കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതോടെ, അവയവ ദാനത്തിന്‌ സന്നദ്ധരായവരെ സര്‍ക്കാരിനു കണ്ടെത്തിക്കൂടേയെന്നു കോടതി ആരാഞ്ഞു. അവയവദാനത്തിനു തയാറുള്ളവരെ കണ്ടെത്താനുള്ള പദ്ധതി തയാറാക്കാന്‍ ചീഫ്‌ സെക്രട്ടറിയോടു കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ചാണ്‌ പുതിയ പദ്ധതിയുടെ കരട്‌ തയാറാക്കിയത്‌. മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിക്കുന്നതിലെ പ്രശ്‌നങ്ങളും സംശയങ്ങളുമാണ്‌ മരണാനന്തര അവയവദാനം കുറയാന്‍ കാരണമെന്ന്‌ ആരോഗ്യ വകുപ്പ്‌ വിലയിരുത്തുന്നു. ചില സ്വകാര്യ ആശുപത്രികള്‍ അവയവദാനം വ്യവസായമാക്കിയതാണ്‌ ആരോപണങ്ങള്‍ വര്‍ധിക്കാനും അവയവദാനം കുറയാനും കാരണമായതെന്ന അഭിപ്രായവുമുണ്ട്‌.

സംസ്‌ഥാനത്തു കഴിഞ്ഞവര്‍ഷം ആകെ 60 അവയവങ്ങള്‍ മാത്രമാണ്‌ ദാനം ചെയ്‌തത്‌. രണ്ടായിരത്തോളം പേരാണ്‌ അവയവത്തിനായി മൃതസഞ്‌ജീവനി പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു കാത്തിരിക്കുന്നത്‌. വൃക്കകള്‍ക്കായി കാത്തിരിക്കുന്നവരാണു കൂടുതല്‍- 1653 പേര്‍. കരളിനായി 339 പേരും ഹൃദയത്തിനായി 30 പേരും പാന്‍ക്രിയാസിനും വൃക്കയ്‌ക്കുമായി 24 പേരും കൈകള്‍ക്കായി എട്ടുപേരും ശ്വാസകോശത്തിനായി ഒരാളുമുണ്ട്‌.

Leave A Reply

Your email address will not be published.