ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ജോക്കോവിച്ച്‌ പുറത്ത്‌

0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ അട്ടിമറി. ഇന്നലെ മെല്‍ബണിലെ റോഡ്‌ ലവന്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും 14-ാം സീഡുമായ സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ച്‌ തോറ്റു പുറത്തായി.

പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹ്യോണ്‍ ചുങ്ങാണ്‌ ജോക്കോവിച്ചിനെ വീഴ്‌ത്തിയത്‌. നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ 7-6, 7-5, 7-6 എന്ന സ്‌കോറിലായിരുന്നു ചുങ്ങിന്റെ ജയം. മൂന്നു മണിക്കൂര്‍ 21 മിനിറ്റു നീണ്ടു നിന്ന പോരാട്ടത്തില്‍ മൂന്നു സെറ്റുകളും ടൈബ്രേക്കറിലാണ്‌ തീരുമാനമായത്‌.

പരുക്കിനെ തുടര്‍ന്ന്‌ ആറു മാസത്തോളം കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന ജോക്കോവിച്ച്‌ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ്‌ തിരിച്ചുവന്നത്‌. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങിയതിനു ശേഷം താരത്തിന്റെ പരുക്ക്‌ വഷളായിരുന്നു. ഇതാണ്‌ ഇന്നലെ കടുത്ത പോരാട്ടത്തില്‍ ജോക്കോവിച്ചിനു തിരിച്ചടിയായതും.

മത്സരത്തിന്റെ ആദ്യ സെറ്റിനു ശേഷം കാല്‍മുട്ടിന്‌ കടുത്ത വേദനയനുഭവപ്പെട്ടെന്നും അതു സഹിച്ചാണ്‌ മത്സരം പൂര്‍ത്തിയാക്കിയതെന്നും ജോക്കോവിച്ച്‌ പിന്നീട്‌ പറഞ്ഞു. സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ച ചുങ്ങിന്റെ പ്രകടനവും അതുല്യമായിരുന്നു. പ്രതാപകാലത്തെ ജോക്കോവിച്ചിനെ പോലെ കോര്‍ട്ട്‌ നിറഞ്ഞു കളിച്ച ചുങ്ങ്‌ ടൈബ്രേക്കറിന്റെ സമ്മര്‍ദ്ദങ്ങളില്‍ അല്‍പംപോലും പതറാതെ മത്സരം പിടിച്ചുവാങ്ങുകയയായിരുന്നു.

അതേസമയം പുരുഷ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ജേതാവുമായ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു.

ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹംഗേറിയന്‍ താരം മാര്‍ട്ടെന്‍ ഫുക്‌സോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ്‌ സ്വിസ്‌ താരം അവസാന എട്ടിലേക്കു പ്രവേശിച്ചത്‌.

6-4, 7-6, 6-2 എന്ന സ്‌കോറിനായിരുന്നു ജയം. ഇതോടെ 52-ാം ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന അപൂര്‍വ നേട്ടവും ഫെഡറര്‍ സ്വന്തമാക്കി. മെല്‍ബണില്‍ മാത്രം ഇതു 14-ാം തവണയാണ്‌ ഫെഡര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നത്‌.

അതിനേക്കാള്‍ ഏറെ രസകരമായത്‌ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ച ഫുക്‌സോവിച്ചിന്റെ കോച്ച്‌ അറ്റില സാവോല്‍ട്ടും ഇവിടെ ഫെഡറര്‍ക്കു മുമ്പില്‍ തോല്‍വി വഴങ്ങിയിട്ടുണ്ടെന്നതാണ്‌. 2002 ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലാണ്‌ സാവോല്‍ട്ടും ഫെഡററും നേര്‍ക്കുനേര്‍വന്നത്‌. അന്ന്‌ 6-2, 7-5, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററിന്റെ ജയം.

ക്വാര്‍ട്ടറില്‍ 19-ാം സീഡ്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തോമസ്‌ ബെര്‍ഡിച്ചാണ്‌ ഫെഡററിന്റെ എതിരാളി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ 6-1, 6-4, 6-4 എന്ന സ്‌കോറിനു തോല്‍പിച്ചാണ്‌ ബെര്‍ഡിച്ച്‌ അവസാന എട്ടില്‍ കടന്നത്‌.

വനിതാ വിഭാഗത്തില്‍ മുന്‍നിര സീഡുകളായ ജര്‍മനിയുടെ എയ്‌ഞ്ചലാ കെര്‍ബര്‍, സിമോണ ഹാലെപ്‌ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്‌. നാലാം റൗണ്ടില്‍ തായ്‌പെയിയുടെ സ്യു വെയ്‌ ഹെയ്‌ഷിനെയാണ്‌ കെര്‍ബര്‍ കീഴടക്കിയത്‌. ആദ്യ സെറ്റ്‌ 6-4ന്‌ തായ്‌ താരത്തിനു മുന്നില്‍ അടിയറ വച്ച ശേഷമായിരുന്നു കെര്‍ബറിന്റെ തിരിച്ചുവരവ്‌. ടൈബ്രേക്കറിലേക്കു നീണ്ട രണ്ടാം സെറ്റ്‌ 7-5ന്‌ നേടിയ ശേഷം അവസാന സെറ്റില്‍ ശക്‌തമായ തിരിച്ചടിച്ച കെര്‍ബര്‍ 6-2ന്‌ മത്സരവും സ്വന്തമാക്കി. അതേസമയം ജാപ്പനീസ്‌ താരം നയോമി ഒസാക്കയെ 6-3, 6-2 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ്‌ ഹാലെപ്പിന്റെ മുന്നേറ്റം.

Leave A Reply

Your email address will not be published.