ഭക്ഷ്യവകുപ്പ്‌ പരാജയം; മന്ത്രി തിലോത്തമനെതിരേ നീക്കം

0

തിരുവനന്തപുരം: സി.പി.ഐ. ജില്ലാ സമ്മേളനങ്ങളില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരേ രൂക്ഷ വിമര്‍ശനം. തിലോത്തമനെ മന്ത്രിസ്‌ഥാനത്തുനിന്നു നീക്കാന്‍ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതായും സൂചന. മന്ത്രിയെന്ന നിലയില്‍ തിലോത്തമന്‍ പരാജയമാണെന്നു പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. സര്‍ക്കാരിന്റെ പ്രതിച്‌ഛായ തകര്‍ക്കുന്ന തരത്തില്‍ ഭക്ഷ്യവകുപ്പ്‌ മാറിയെന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സി.പി.ഐ. ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ മറ്റു മന്ത്രിമാര്‍ക്കെതിരേയും കടുത്ത വിമര്‍ശനമാണുയരുന്നത്‌. പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ മന്ത്രിമാര്‍ക്ക്‌ ആയിട്ടില്ലെന്നാണു പൊതുവികാരം. ഓഖി ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ച സമയത്ത്‌ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ദുരന്തമേഖല സന്ദര്‍ശിക്കാതിരുന്നത്‌ ഗുരുതരമായ വീഴ്‌ചയായി. മുഖ്യമന്ത്രിയാണ്‌ വകുപ്പ്‌ ഭരിക്കുന്നത്‌. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഗര്‍ജിക്കുന്ന സിംഹമായിരുന്ന മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി. വനം വകുപ്പില്‍ മന്ത്രിക്ക്‌ റോളില്ല, ഉദ്യോഗസ്‌ഥ ഭരണമാണ്‌ തുടങ്ങിയ വിമര്‍ശനങ്ങളാണു പ്രതിനിധികള്‍ ഉന്നയിച്ചത്‌. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത്‌ മന്ത്രി തിലോത്തമനാണ്‌. മന്ത്രി തിലോത്തമന്‍ അഴിമതിരഹിതനാണെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായില്ല. സംസ്‌ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍ മുടങ്ങിയതു തീരാകളങ്കമായി. ഇതിന്റെ ക്ഷീണം സി.പി.ഐക്കുമുണ്ടായി. ഭക്ഷ്യഭദ്രതാനിയമവും പൊതുവിതരണ രംഗവും കുളമായി.

റേഷന്‍കടകളിലും സിവില്‍ സപ്ലൈസ്‌ ഔട്ട്‌ലെറ്റുകളിലും സാധനങ്ങള്‍ക്കു കടുത്തക്ഷാമം. വാതില്‍പ്പടി വിതരണം നടപ്പാക്കിയിട്ടുപോലും റേഷന്‍രംഗത്ത്‌ കരിഞ്ചന്തക്കാര്‍ വര്‍ധിക്കുകയാണ്‌. അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രത്തില്‍നിന്ന്‌ വാങ്ങിയെടുക്കാന്‍ ഭക്ഷ്യവകുപ്പിന്‌ കഴിയുന്നില്ല. വിപണിയില്‍ നടക്കുന്നതൊന്നും ഭക്ഷ്യവകുപ്പ്‌ അറിയുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ്‌ സമ്മേളന പ്രതിനിധികള്‍ ഉന്നയിക്കുന്നത്‌. മന്ത്രിയുടെ ഓഫീസിനെക്കുറിച്ചും പരാതികളുണ്ട്‌. കഴിവുകെട്ട ഉദ്യോഗസ്‌ഥരാണ്‌ മന്ത്രിക്കൊപ്പമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ മുന്‍ ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ എം.എല്‍.എയെ മന്ത്രിയാക്കാനുള്ള തന്ത്രങ്ങളാണെന്നു പി. തിലോത്തമനെ അനുകൂലിക്കുന്നവര്‍ പറയുന്നു. അഴിമതി വിരുദ്ധനെന്ന പ്രതിഛായയും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടുള്ള അടുപ്പവും തിലോത്തമന്‌ സഹായമാകുന്നുണ്ട്‌. നിയമസഭാ സമ്മേളനശേഷം സി.പി.ഐ. മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിക്കു സാധ്യതയുണ്ടെന്നാണു സൂചന.

Leave A Reply

Your email address will not be published.