ദാവോസില്‍ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും പറയൂ; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് കൂടി പ്രധാനമന്ത്രി അഭിസംബോധ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് ഓക്സ്ഫാം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
രാജ്യത്തെ 73 ശതമാനം സമ്പത്തും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിലാണെന്നായിരുന്നു ഓക്സ്ഫാം സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക, ലിംഗ അസമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക സാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് അടക്കം ദാവോസിലെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. 1997ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി 400 ബില്യണ്‍ യുഎസ് ഡോളറിനേക്കാള്‍ അല്‍പ്പം മുകളിലായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയുടെ ജി.ഡി.പി അതിന്റെ ആറിരട്ടിയായി വര്‍ധിച്ചതായി പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.