റാങ്കും മാനവും കാക്കാന്‍ ഇന്ത്യ

0

ജൊഹാനസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആശ്വാസ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ന്യൂ വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 1.30 മുതലാണ്‌. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ 1 ല്‍ മത്സരം തത്സമയം കാണാം.

കേപ്‌ ടൗണില്‍ നടന്ന ഒന്നാം ടെസ്‌റ്റ്‌ 72 റണ്ണിനും സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്‌റ്റ്‌ 135 റണ്ണിനും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. വിരാട്‌ കോഹ്‌ലി നായകനായ ശേഷം ഇന്ത്യ നേരിടുന്ന ആദ്യ പരമ്പര തോല്‍വിയാണിത്‌.

2015 നു ശേഷം തുടര്‍ച്ചയായ ഒന്‍പതു പരമ്പര നേട്ടമെന്ന ഇന്ത്യയുടെ കുതിപ്പിനും കടിഞ്ഞാണ്‍ വീണു. മൂന്നാം ടെസ്‌റ്റിലും തോറ്റാല്‍ ഇന്ത്യക്ക്‌ ടെസ്‌റ്റിലെ ഒന്നാം നമ്പര്‍ പദവി നഷ്‌ടപ്പെടും.

കേപ്‌ടൗണില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം ടെസ്‌റ്റില്‍നിന്ന്‌ ഒഴിവാക്കിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്നു കളിക്കും. രണ്ടു ടെസ്‌റ്റുകളിലും പന്തെറിഞ്ഞ പേസര്‍ ജസ്‌പ്രീത്‌ ബുംറ പുറത്തിരിക്കുമെന്നാണു സൂചന.

നാലു പേസര്‍മാര്‍ മൂന്നാം ടെസ്‌റ്റിനുണ്ടാകുമെന്നാണു സൂചന. ഭുവനേശ്വര്‍, ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, മുഹമ്മദ്‌ ഷമി എന്നിവര്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞതാണ്‌ ഇതു സംബന്ധിച്ച സൂചനകള്‍ ശക്‌തിപ്പെടുത്തുന്നത്‌. വിദേശ പിച്ചുകളില്‍ മികച്ച ബാറ്റിങ്‌ ശരാശരിയുള്ള അജിന്‍ക്യ രഹാനെ ഇന്നു കളിച്ചേക്കും. രഹാനെ ബാറ്റെടുക്കുമ്പോള്‍ രോഹിത്‌ ശര്‍മ പുറത്തിരുന്നു കളികാണും. നാല്‌ ഇന്നിങ്‌സുകളിലായി 78 റണ്ണാണു രോഹിതിന്റെ നേട്ടം.

ഉപനായകന്‍ കൂടിയായ രഹാനെയെ പുറത്തിരുത്തിയതിന്റെ കോച്ച്‌ രവി ശാസ്‌ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു. വിക്കറ്റ്‌ കീപ്പറായി പാര്‍ഥിവ്‌ പട്ടേല്‍ തുടരുമെന്നാണു സൂചന. വൃദ്ധിമാന്‍ സാഹയ്‌ക്കു പരുക്കേറ്റതിനെ തുടര്‍ന്നു രണ്ടാം ടെസ്‌റ്റില്‍ കീപ്പറായ പാര്‍ഥിവ്‌ പട്ടേല്‍ വിക്കറ്റിനു പിന്നിലും മുന്നിലും നിരാശപ്പെടുത്തി. ടീമിലേക്കു വിളിപ്പിച്ച ദിനേഷ്‌ കാര്‍ത്തിക്ക്‌ കാഴ്‌ചക്കാരന്‍ മാത്രമായിരിക്കും.

പരുക്കേറ്റ ഓപ്പണര്‍ എയ്‌ദിന്‍ മാര്‍ക്രം, ബാറ്റ്‌സ്‌മാന്‍ തെംബ ബാവുമ എന്നിവരെ ഒഴിവാക്കിയാണു ദക്ഷിണാഫ്രിക്ക കളിക്കാനൊരുങ്ങുന്നത്‌. ഓള്‍റൗണ്ടര്‍മാരായ ക്രിസ്‌ മോറിസ്‌, തെയൂനിസ്‌ ഡി ബ്രൂണ്‍ എന്നിവരാണു പകരം കളിക്കുന്നത്‌. പരമ്പര ഏകപക്ഷീയമായി നേടുമെന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ അവകാശപ്പെട്ടു. ഇന്ത്യ 3-0 ത്തിനും ഓസ്‌ട്രേലിയയെ 2-0 ത്തിനും തോല്‍പ്പിച്ചാല്‍ ടെസ്‌റ്റ്‌ റാങ്കിങ്ങില്‍ അവര്‍ക്ക്‌ ഒന്നാംസ്‌ഥാനത്തു തിരിച്ചെത്താം.

ടീം: ഇന്ത്യ – വിരാട്‌ കോഹ്‌ലി (നായകന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്‌, ലോകേഷ്‌ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത്‌ ശര്‍മ, പാര്‍ഥിവ്‌ പട്ടേല്‍, ദിനേഷ്‌ കാര്‍ത്തിക്ക്‌, ഹാര്‍ദിക്‌ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ.

ടീം: ദക്ഷിണാഫ്രിക്ക- ഫാഫ്‌ ഡു പ്ലെസിസ്‌ (നായകന്‍), ഡീന്‍ എല്‍ഗാര്‍, എയ്‌ദന്‍ മാര്‍ക്രം, ഹാഷിം ആംല, തെംബ ബാവുമ, തെയൂനിസ്‌ ഡി ബ്രൂണ്‍, ക്വിന്റണ്‍ ഡി കോക്ക്‌, കേശവ്‌ മഹാരാജ്‌, മോര്‍ണി മോര്‍ക്കല്‍, ക്രിസ്‌ മോറിസ്‌, വെര്‍നോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ആന്ദിലെ ഫെലുക്‌വോ, ലുങ്കി എന്‍ഗിഡി, ഡുനെ ഒലിവര്‍.

Leave A Reply

Your email address will not be published.