ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെഡറര്‍ സെമിയില്‍

0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍ കടന്നു.

ചെക്ക്‌ റിപ്പബ്ലിക്കിന്റെ തോമാസ്‌ ബെര്‍ഡിച്ചിനെ 7-6(1), 6-3, 6-4 എന്ന്‌ സ്‌കോറിനാണു ഫെഡറര്‍ തോല്‍പ്പിച്ചത്‌്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ കരിയറില്‍ 43-ാം തവണയാണു ഗ്രാന്‍സ്ലാം സെമിയില്‍ കളിക്കുന്നത്‌. ഒരു സെറ്റ്‌ പോലും വിട്ടുകൊടുക്കാതെയാണു 36 വയസുകാരനായ ഫെഡറര്‍ സെമിയില്‍ കടന്നത്‌. കരിയറില്‍ 11 -ാം തവണയാണു സൂപ്പര്‍ താരം ഒരു സെറ്റ്‌ പോലും വിട്ടുകൊടുക്കാതെ ഗ്രാന്‍സ്ലാം സെമിയില്‍ കടക്കുന്നത്‌.

ഒന്നാം സെറ്റില്‍ 5-3 നു പിന്നിട്ടുനിന്ന ശേഷമാണു ഫെഡറര്‍ പോരാട്ടം തുടങ്ങിയത്‌. ദക്ഷിണ കൊറിയയുടെ ചുങ്‌ ഹിയോനാണു സെമിയില്‍ ഫെഡററെ നേരിടുക. സീഡില്ലാ താരമായ ഹിയോന്‍ യു.എസിന്റെ ടെനീസ്‌ സാന്‍ഗ്രെനെയാണു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4, 7-6 (7/5), 6-3. മത്സരം രണ്ട്‌ മണിക്കൂര്‍ 28 മിനിട്ട്‌ നീണ്ടു.

ഗ്രാന്‍സ്ലാം സെമിയില്‍ കളിക്കുന്ന ആദ്യ കൊറിയന്‍ താരമെന്ന റെക്കോഡുമായാണ്‌ ഹിയോന്‍ കളത്തിലേക്കു മടങ്ങിയത്‌. റഷ്യയുടെ മാരാറ്റ്‌ സാഫിനു ശേഷം ഗ്രാന്‍സ്ലാം സെമിയില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ ഹിയോന്‍. 2010 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കളിക്കുമ്പോള്‍ 21 വയസുകാരനായിരുന്നു സാഫിന്‍. ബ്രിട്ടന്റെ കെയ്‌ല്‍ എഡ്‌മണ്ടിനു ശേഷം ഇവിടെ സെമിയില്‍ കളിക്കുന്ന ആദ്യ സീഡില്ലാ പുരുഷ താരവുമാണ്‌.

ആറുവട്ടം ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ചിനെ നാലാം റൗണ്ടില്‍ അട്ടിമറിച്ചാണ്‌ ഹിയോന്‍ ക്വാര്‍ട്ടറിലെത്തിയത്‌. ജര്‍മനിയുടെ ലോക നാലാം നമ്പര്‍ അലക്‌സാണ്ടര്‍ സ്‌വ്രേവും ഹിയോന്റെ പ്രതിഭയുടെ വരവറിഞ്ഞു. വനിതാ സിംഗിള്‍സില്‍ റൊമാനിയയുടെ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലപ്‌ സെമിയില്‍ കടന്നു. കാരോലിന പ്ലിസ്‌കോവയെ മറികടന്നാണു ഹാലപ്പിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-2. മത്സരം ഒരു മണിക്കൂര്‍ 11 മിനിട്ട്‌ നീണ്ടു. ജര്‍മനിയുടെ എയ്‌ഞ്ചലക്വ കെര്‍ബറാണ്‌ സെമിയില്‍ ഹാലപ്പിനെ നേരിടുക. യു.എസ്‌. ഓപ്പണ്‍ റണ്ണര്‍ അപ്പ്‌ മാഡിസണ്‍ കെയ്‌സിനെ 6-1, 6-2 എന്ന സ്‌കോറിനാണ്‌ കെര്‍ബര്‍ തോല്‍പ്പിച്ചത്‌.

പരുക്കു മൂലം ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പിന്മാറിയ ലോക ഒന്നാംനമ്പര്‍ താരം സ്‌പെയിന്റെ റാഫേല്‍ നദാല്‍ മൂന്നാഴ്‌ചത്തെ വിശ്രമത്തിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നു വ്യക്‌തമാക്കി. 16 ഗ്രാന്‍സ്ലാമുകള്‍ക്ക്‌ ഉടമയായ നദാല്‍ ഇന്നലെ മെല്‍ബണിലെ ആശുപത്രിയില്‍ സ്‌കാനിങ്‌ നടത്തിയിരുന്നു. ക്ര?യേഷ്യയുടെ മാരിന്‍ സിലിചിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണു നദാല്‍ പിന്മാറിയത്‌.

Leave A Reply

Your email address will not be published.