ബി.എസ്.എഫ് സൈനികന് ധാര സിംഗിന് ഇത് അഭിമാന മുഹൂര്‍ത്തം; രാജ്പഥിലേക്ക് 18ാം തവണയും പരേഡ് നയിക്കുന്ന ചരിത്രനായകന്
ന്യൂഡല്‍ഹി: രാജ്യം 69ാമത് റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) സൈനികന് ധാരാ സിംഗിന് അഭിമാനിക്കാന്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് 47കാരനായ ധാരാസിംഗ് രാജ്പഥിലേക്ക് മാര്‍ച്ച് നയിക്കുന്നത്.
1996 ജനുവരി 26 നായിരുന്നു ധാരാ സിംഗ് ആദ്യമായി പരേഡ് നയിച്ചത്. ഇന്ന് പരേഡ് നയിക്കുന്ന സേനാംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ ആള് കൂടിയാണ് ധാരാ സിംഗ്. ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ധാരാ സിംഗിനെ ബഹുമാനപൂര്‍വ്വം മാര്‍ച്ചില്‍ പങ്കെടുക്കുന്ന മറ്റ് സേനാംഗങ്ങള്‍ ‘ചാച്ച’ എന്നും ‘സര്’ എന്നുമാണ് വിശേഷിപ്പിക്കുന്നത്.
രാജ്പഥിലേക്ക് ഓരോ തവണയും മാര്‍ച്ച് നടത്താന്‍ കഴിയുന്നുവെന്നത് തന്റെ ബറ്റാലിയന്റെ അഭിമാനമാണെന്ന് ധാരാ സിംഗ് പ്രതികരിച്ചു. ഈ ദൗത്യം ഏറ്റെടുക്കുന്നതില്‍ പ്രായം ഒരിക്കലും തനിക്ക് തടസ്സമായിട്ടില്ല. ഓരോ തവണയൂം തുടക്കക്കാരനെ പോലെയാണ് താന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.
തന്റെ പ്രായത്തിലുള്ള ആരും തന്നെ ഇപ്പോള്‍ പരേഡില്‍ പങ്കെടുക്കുന്നില്ല. എല്ലാ സൈനിക വിഭാഗങ്ങളെയും നയിക്കേണ്ടത് താനാണെന്ന് തന്റെ േേലുദ്യോഗസ്ഥരും പരിശീലകരും പറയുമ്പോള്‍ തന്നില്‍ ഉത്തരവാദിത്തം ഏറുകയാണെന്നും അദ്ദേഹം പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഗുസ്തിതാരം ധാരാ സിംഗിന്റെ പേരാണ് തനിക്ക്. അദ്ദേഹം തനിക്ക് ദൈവത്തേപോലെയാണ്. ഓരോ തവണയും രാജ്പഥിലേക്ക് മാര്‍ച്ച് നയിച്ച് തന്റെ സേനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അത് ധാരാ സിംഗിനുള്ള ആദരവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പരേഡില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 30 വയസാണെന്നരിക്കേയാണ് 47കാരനായ ധാരാ സിംഗ് പരേഡില്‍ താരമായി തുടരുന്നതെന്ന് ബി.എസ്.എഫ് ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പുഷ്പേന്ദ്ര സിംഗ് റാത്തോര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചുറുചുറുക്കും അച്ചടക്കവുമാണ് ഇതിനു കാരണം. അദ്ദേഹം സേനയ്ക്ക് വലിയ പ്രചോദനമാണെന്നും ഡിഐജി പറഞ്ഞു.