ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ആദിവാസികള്‍ക്കായി ഭൂമി വിലയില്‍ കൃത്രിമം കാണിച്ചു
പത്തനംതിട്ട: ”ഭൂരഹിതരില്ലാത്ത കേരളം” പദ്ധതി അട്ടിമറിച്ച് ആദിവാസികളുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്തനംതിട്ട റാന്നി കൊല്ലമുള വെച്ചൂച്ചിറയിലുള്ള പരുവയിലാണ് ആദിവാസികളെ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടക്കുന്നത്. വിപണി വിലയുടെ ഇരട്ടി തുക നല്കി ആദിവാസികള്‍ക്കായി ഉപയോഗശൂന്യമായ ഭൂമി വാങ്ങിയാണ് തട്ടിപ്പ്. ഇതില്‍ ഭൂ ഉടമക്കൊപ്പം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ മുതല്‍ തഹസീല്‍ദാര്‍ വരെയുള്ളവര്‍ക്കു പങ്കുണ്ടെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, റാന്നി പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ക്കു പരാതി സമര്‍പ്പിച്ചിട്ടും നടപടിയില്ല.
നേരത്തെ മണ്ണടിശാലാ എക്സ് സര്‍വീസ്മെന്‍സ് കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 6, 221 എന്നിവിടങ്ങളില്‍ 11 കുടുംബങ്ങള്‍ക്ക് ഭൂമി നല്കി തട്ടിപ്പ് നടന്നിരുന്നു. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. സെന്റിന് 20,000 രൂപാ മാത്രം വിലയുള്ള ഭൂമി 40,000 രൂപയ്ക്ക് വാങ്ങിയാണ് തട്ടിപ്പ് നടന്നത്. ഇതിനെതിരേ വന്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണു വെച്ചൂച്ചിറ പരുവയില്‍ 4.40 ഏക്കര്‍ വാസയോഗ്യമല്ലാത്ത ഭൂമി വന്‍ വില നല്കി ആദിവാസികള്‍ക്കായി വാങ്ങാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ”ആശിക്കും ഭൂമി” പദ്ധതിപ്രകാരം ഒരു ആദിവാസി കുടുംബത്തിന് 25 സെന്റ് ഭൂമി വാങ്ങാന്‍ പത്തുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 16 കുടുംബങ്ങള്‍ക്കായി 1.60 കോടി രൂപാ വിനിയോഗിക്കാനാണു നീക്കം. ഇതിനായി വെച്ചൂച്ചിറ-മണ്ണടിശാല റോഡില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ വനത്തിനോട് ചേര്‍ന്ന് വ്യക്തി െകെവശംവച്ചിട്ടുള്ള 4.40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമിയുടെ നല്ലൊരു ഭാഗവും ചതുപ്പാണ്. രണ്ട് ഏക്കറില്‍ അധികം സ്ഥലം പാറനിറഞ്ഞതാണ്. ബാക്കിയുള്ള സ്ഥലത്ത് റബര്‍ കൃഷിചെയ്തിട്ടുണ്ട്. ഇവിടെ സെന്റിന് 18,000 രൂപാ നിരക്കിലാണ് അടുത്തിടെ പല വസ്തു വ്യാപാരങ്ങളും നടന്നതെന്നു പരുവ പൗരസമിതി പ്രസിഡന്റ് ഹരിപ്രസാദ് പറയുന്നു. ആദിവാസികള്‍ക്കായി ഈ ഭൂമി സെന്റിന് 39,600 രൂപ നിരക്കില്‍ വാങ്ങാനാണ് റവന്യൂ അധികൃതരും ആദിവാസി വകുപ്പും നീക്കം നടത്തുന്നത്. ഭൂ ഉടമയുമായി ചര്‍ച്ച നടത്തി വിലനിര്ണയത്തിനുശേഷം വസ്തു അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞു. വസ്തു വില കൂട്ടികാണിക്കുന്നതിനായി നാല് കിലോമീറ്റര്‍ അകലെ പ്രധാന റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വെച്ചൂച്ചിറ പോളിടെക്നിക്കിനു സമീപമുള്ള ഭൂമിയുടെ രജിസ്ട്രേഷന് വിലയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഇടപാടിനു പിന്നില്‍ ഒത്തുകളിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് 12 ആദിവാസി കുടുംബങ്ങള്‍ ഭൂമി വേണ്ടന്ന് എഴുതി നല്കി കഴിഞ്ഞു. എന്നാല്‍ മറ്റ് ഭൂമി ലഭ്യമല്ലെന്നും ഇതു സ്വീകരിച്ചില്ലെങ്കില്‍ പിന്നീട് ഭൂമി ലഭിക്കില്ലെന്നും പറഞ്ഞ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആദിവാസികള്‍ ആരോപിച്ചു.