സംസ്ഥാനത്ത് വര്‍ണാഭമായ റിപ്പബ്ലിക് ദിനാഘോഷം: വികസന പുരോഗതിയിലൂന്നിക്കൊണ്ട് ഗവര്‍ണറുടെ സന്ദേശം

0

തിരുവനന്തപുരം: രാജ്യത്തിന്റെ 69ാമത് റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

സംസ്ഥാനത്തെ വര്‍ണാഭമായ ചടങ്ങില്‍ രാജ്യവും, സംസ്ഥാനവും നേടിയ പുരോഗതിയിലൂന്നി ആയിരുന്നു ഗവര്‍ണര്‍ പി.സദാശിവത്തിന്റെ റിപ്പബ്ലിക് ദിന സന്ദേശം. വികസന ഖേലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നവകേരള മിഷനേയും, ഹരിതകേരള പദ്ധതിക്കും പ്രശംസ അറിയിച്ച പി.സദാശിവം ലോക കേരള സഭ സംഘടിപ്പിച്ചതിനും അഭിനന്ദിച്ചു. ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വിവിധ സേനകള്‍ക്കും ഗവര്‍ണര്‍ പ്രശംസ അറിയിച്ചു.

യുവാക്കള്‍ രാഷ്ട്രീയ-വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഇരകളാകുന്നതും, തീവ്രവാദ സംഘടനകളില്‍ ഏര്‍പ്പെടുന്നതും ആശങ്കയുളവാക്കുന്നുവെന്ന് ഗവര്‍ണറുടെ സന്ദേശത്തില്‍ വ്യക്തമാക്കി.ഇത്തരം നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച ഗവര്‍ണര്‍ 26പ്ലേറ്റൂണുകള്‍ നല്‍കിയ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.