അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: ട്രംപ് നിലപാട് മയപ്പെടുത്തുന്നു, പകരം നഷ്ടപരിഹാരം
ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കുന്ന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി അമേരിക്ക. ഏഴു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാന് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ പൗരത്വത്തിനു പകരമായി 2500 കോടി അമേരിക്കന്‍ ഡോളര്‍ വേണമെന്നാണ് ട്രംപിന്റെ ആവശ്യം.
അഭയാര്‍ത്ഥി പൗരത്വം സംബന്ധിച്ച ബില്‍ തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. അഭയാര്‍ത്ഥി വിഷയത്തില്‍ കടുത്ത നിലപാടുകള്‍ കൈക്കൊള്ളുന്ന ട്രംപ് ഒടുവില്‍ ബദല്‍ ആവശ്യം മുന്നോട്ടുവെച്ച് നിലപാട് മയപ്പെടുത്തുന്നതായാണ് വ്യക്തമാകുന്നത്. കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ അമേരിക്കയില്‍ പ്രവേശിച്ച് ഇപ്പോഴും തുടരുന്ന ഏഴു ലക്ഷം പേര്‍ക്കാണ് അമേരിക്കന്‍ പൗരത്വം നല്കാന് തയാറാണെന്ന് ട്രംപ് വ്യക്തമായിരിക്കുന്നത്.
ഒബാമയുടെ കാലത്ത് ഇത്തരത്തിലുള്ള അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഡാക നിയമം ട്രംപ് റദ്ദാക്കിയിരുന്നു. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ 18 ലക്ഷം പേര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍ ബദലായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മ്മാണത്തിന് സംഭാവന നല്‍കുക എന്ന നിര്‍ദേശം ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരം എന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍.