ജയില്‍ ആക്രമിച്ച് രക്ഷപെട്ട പഞ്ചാബ് കൊടുംഭീകരന് വിക്കി ഗൗണ്ടര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: പഞ്ചാബിലെ കൊടുംഭീകരന് വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജീന്ദര്‍ സിങ്ങ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പഞ്ചാബ് രാജസ്ഥാന് അതിര്‍ത്തിയില്‍ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടലുണ്ടായത്.
രാജസ്ഥാനിലെ നഭ ജയില്‍ ആക്രമിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാനും ഗൗണ്ടറുടെ സഹായിയുമായിരുന്ന പ്രേമ ലഹോറിയയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ക്കു പുറമെയുണ്ടായിരുന്ന മൂന്നാമത്തെയാള്‍ വെടിയേറ്റ് അബോഹറിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുകയാണ്. സുക്പ്രീത് സിങ്ങ് എന്ന ഭീകരനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയില്‍ ശിക്ഷക്കിടയിലും നവമാധ്യമങ്ങളില്‍ ഈ ഭീകരന് സജീവമായിരുന്നു. ജയിലിലിരിക്കെ തന്റെ ഉത്തരവ് പ്രകാരം നടന്ന കൊലപാതകങ്ങള്‍ എന്ന പേരില്‍ നിരവധി ഫോട്ടോകളും വിഡിയോകളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
നേരത്തെ വിക്കി ഗൗണ്ടറിനെ രക്ഷിക്കാനാണ് 2016 നവംബറില്‍ പാട്യാലയിലെ നഭ ജയില്‍ ആക്രമിച്ചത്. പോലീസുകാരന്ന വ്യാജേന എത്തി രണ്ട് തീവ്രവാദികളെയും നാലു കൊള്ളക്കാരെയുമുള്പ്പെടെ 12 പേരെ ഒരു സംഘം രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ആറു പേര് പിടിക്കപ്പെട്ടെങ്കിലും ബാക്കി ആറുപേരും കടന്നുകളഞ്ഞു.
രക്ഷപ്പെട്ടവരില്‍ ഖലിസ്താനി തീവ്രവാദി ഹര്‍മീന്ദര്‍ സിങ് മിന്റുവുമുണ്ടായിരുന്നു. എന്നാല്‍ മിന്റുവിനെ പൊലീസ് പിന്നീട് പിടികൂടി. ജയിലില്‍ നിന്ന് തന്നെ ജയില്‍ചാട്ട പദ്ധതിക്ക് സഹായം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഈ പദ്ധതിയുടെ ആസൂത്രകനാണ് കൊല്ലപ്പെട്ട പ്രേമ ലഹോറിയ.
പഞ്ചാബ് – രാജസ്ഥാന് അതിര്‍ത്തി ഗ്രാമത്തില്‍ ഇവര്‍ എത്തുമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഐജി നിലഭ് കിഷോര്‍ പറഞ്ഞു. ഇരുവരുടെ പക്കല്‍ നിന്നും ആയുദ്ധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 0.32 പിസ്റ്റലായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.