യുപിയിലെ സാമുദായിക സംഘര്‍ഷം: നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു, 112 പേര് അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 112 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയിലെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷമായെങ്കിലും, ശക്തമായ സുരക്ഷാ സന്നാഹമാദണ് ഒരുക്കിയിരിക്കുന്നത്. ഓരോ നീക്കവും അറിയുന്നതിനായി മുന്നു ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഒരാളുടെ മരണത്തിനും വ്യാപക അക്രമത്തിനും വഴിവെച്ച സംഘര്‍ഷത്തിന് ഞായറാഴ്ച അയവുവന്നിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് സമൂഹമാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം, കാസ്ഗഞ്ചിയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സമാധാനയോഗത്തില്‍ തീരുമാനിച്ചു. നിരവധി സ്ഫോടന വസ്തുക്കളും വീടുകള്‍ കയറിയുള്ള തിരച്ചിലില്‍ പോലീസ് കണ്ടെത്തിയിരുന്നു. സാമുദായിക സംഘര്‍ഷത്തില്‍ 31 കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും, സാമുദായിക സംഘര്‍ഷം പടരാതിരിക്കാനായി 81 പേരെക്കൂടി അറസ്റ്റു ചെയ്തതായും യുപി പോലീസ് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലാണ് കാസ്ഗഞ്ച് നഗരത്തില്‍ തിരംഗ ബൈക്ക് റാലി നടത്തിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ തുടക്കം. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ പോലീസ് പ്രദേശത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ അഞ്ചു കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് പറയുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി അലിഗഡ് ഐജി വ്യക്തമാക്കി.